നമുക്ക് കൈകോർക്കാം...
മരങ്ങൾ വെച്ചു പിടിപ്പിക്കാൻ....
ലോക പരിസ്ഥിതി ദിനം വന്നെത്തുമ്പോൾ മരങ്ങളെ പറ്റി ഓർമ വരുമ്പോൾ, അവിടെയും ഇവിടെയുമായി കുറേ മരങ്ങൾ നട്ടു പിടിപ്പിക്കുന്നു. പിന്നെ അതിന്റെ അടുത്ത് പോയി നോക്കുകയോ പരിചരിക്കുകയോ ചെയ്യുന്നില്ല. ചിലരൊക്കെ സംരക്ഷിക്കുന്നുണ്ട് എന്ന കാര്യം മറക്കുന്നില്ല. അത് കൊണ്ട് തന്നെ, കേരള വനം വകുപ്പ് ഈ വർഷം തൈകൾ വിതരണം നടത്തേണ്ട എന്നാണ് തീരുമാനിച്ചത്. അധ്വാനം വെറുതെ പാഴാക്കുന്നത് എന്തിനാണ്.
മരം വെച്ചു പഠിപ്പിച്ചാൽ, അതിനു വെള്ളവും വളവും നൽകണം. ഇടക്ക് അതിന്റെ അടുത്ത് പോകണം, എന്നാൽ അത് വളരും, തളിർക്കും, പുഷ്പിക്കും, കായ്ക്കും.
നമ്മുടെ സാമീപ്യം സസ്യങ്ങളുടെ വളർച്ചയെ ത്വരിതഗതിയിലാക്കുന്നു. നെൽകൃഷി നടക്കുന്ന വയലുകളിൽ ആൾക്കാർക്ക് നടക്കാൻ വരമ്പുണ്ടാകും. വരമ്പിന്ന് ഇരു വശവുമുള്ള നെല്ലിന്റെ വളർച്ച നിങ്ങളൊന്നു നിരീക്ഷിക്കൂ, നമ്മുടെ ശരീരത്തിൽ നിന്നും എന്തോ ഒന്ന് ചെടികളിൽ എത്തുന്നുണ്ട്. എന്റെ പിതാവ് കുരുമുളക് വള്ളി വളർത്താറുണ്ടായിരുന്നു. മിക്ക ദിവസവും ആ വള്ളികൾക്കരികിൽ പിതാവ് എത്താറുണ്ടായിരുന്നു. വളരെ പെട്ടെന്ന് കുരുമുളക് വള്ളികൾ അടുത്തുള്ള മരങ്ങളിലൂടെ കയറി പോകും.
നാം മരുന്നുകളെ ആശ്രയിച്ചു കൊണ്ടാണ് ജീവിക്കുന്നത്. നമ്മുടെ അസുഖങ്ങൾക്കുള്ള എല്ലാ മരുന്നുകളും ദൈവം ഭൂമിയിൽ സൃഷ്ടിച്ചു വെച്ചിരിക്കുന്നു. മുറിവ് പറ്റിയാൽ മുറിപൂട്ടി പുരട്ടിയാൽ വേഗം മുറിവുണങ്ങും. മൈലാഞ്ചി നല്ലൊരു മരുന്നാണ്. വെളുത്തുള്ളിയുടെയും ചെറിയ ഉള്ളിയുടെയും ഔഷധ വീര്യം പറയുകയും വേണ്ട. ഇഞ്ചിയും മഞ്ഞളും നമ്മൾ സ്ഥിരമായി കൃഷി ചെയ്യുന്നതാണല്ലോ. കടന്നലും തേനീച്ചയും പഴുതാരയും കുത്തിയാൽ നാം പച്ച മഞ്ഞൾ തിരഞ്ഞു നടക്കാറില്ലേ. ആര്യ വേപ്പും നെല്ലിയും നിസ്സാരക്കാരല്ല. കറ്റാർ വാഴ സ്ത്രീകളുടെ ഇഷ്ട മിത്രമാണ്. ഇനിയും ഇങ്ങനെ കുറേ പറയാനുണ്ട്.
അടുക്കള തോട്ടം ഒരുക്കുന്നതിൽ ചില മഹിളകൾ മിടുക്കികളാണ്. പപ്പായയും കറിവേപ്പിലയും മുരിങ്ങയും ഇല്ലാത്ത അടുക്കള തോട്ടം ഉണ്ടാകുമോ. പലവിധ ചീരകൾ കൃഷി ചെയ്യുന്നവരുണ്ട്. വാഴയും ചേനയും ചേമ്പും കാച്ചിലും കപ്പയും ചക്കയും മാങ്ങയും ഇന്നും അന്യം നിന്ന് പോയിട്ടില്ല.
ഈ ഭൂമി മനുഷ്യരെയാണ് ദൈവം ഏൽപ്പിച്ചത്. ഇതിന്റെ സന്തുലിതാവസ്ഥ തകർക്കാൻ നാം കച്ചകെട്ടി ഇറങ്ങരുത്. മണിമാളികകൾ പണിയാൻ, ഉള്ള മരങ്ങളെ മുഴുവൻ നാം കൊത്തിമുറിക്കുന്നു. ആർത്തി തീരാത്ത മനുഷ്യൻ എല്ലാം നശിപ്പിക്കുന്നു. ചെറിയ കുടുംബത്തിനും വേണം ആറു ബെഡ് റൂമുകൾ. വീട് മരം കൊണ്ട് പൊതിയുന്നവരുമുണ്ട്. നമുക്ക് മാത്രം പാർക്കാനുള്ളതാണോ ഈ ഭൂമി. ഇത്തിരി കാശ് ഉണ്ടെന്നു കരുതി എങ്ങനെയും ജീവിക്കാമെന്നാണോ. ഈ ഭൂമിക്ക് ധാരാളം അവകാശികളുണ്ട്. കുറെ പേര് ഇനിയും വരാനുണ്ട്.
ഇത്തിരി മരങ്ങൾ വെച്ചു പിടിപ്പിച്ചു ഒത്തിരി നേട്ടങ്ങൾ കൊയ്തെടുക്കുക.
ഈ വർഷം പരിസ്ഥിതി ദിനത്തിൽ എല്ലാ വീട്ടിലും ഔഷധ സസ്യങ്ങളും ഫലവൃക്ഷ തൈകളും വിതരണം നടത്തുന്ന കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് സാരഥികൾ അഭിനന്ദനം അർഹിക്കുന്നു. നേതൃത്വം നൽകുന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ശംലൂലത്ത്, ഭരണ സമിതി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരെ മുക്ത കണ്ഠം പ്രശംസിക്കുന്നു. തൈകൾ കിട്ടുന്നവർ അത് പരിപാലിക്കുന്നതിൽ ബദ്ധ ശ്രദ്ധരാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.