മാവൂർ പാടത്തുനിന്ന് സൈപ്ലകോ നെല്ല് അളന്നെടുത്തു
മാവൂർ:
ഗ്രാമപഞ്ചായത്തിലെ മാവൂർ പാടത്ത് വിളഞ്ഞ നെല്ല് സംഭരിക്കാൻ സപ്ലൈകോ ഉദ്യോഗസ്ഥർ എത്തി. ആറ് ടണ്ണിലധികം നെല്ലാണ് മാവൂർ പാടത്തുനിന്ന് അളന്നെടുത്തത്. കിലോഗ്രാമിന് 28 രൂപ നിരക്കിലാണ് നെല്ല് എടുത്തത്. മാവൂർ പാടത്തുനിന്ന് ഇതാദ്യമായാണ് നെല്ല് സംഭരിക്കുന്നത്. മാവൂർ കൃഷിഭവന്റെ ഇടപെടലിലൂടെയാണ് ഇത് സാധ്യമാക്കിയത്. നെല്ല് അളന്നെടുക്കലിന്റെ ഉദ്ഘാടനം മണന്തലക്കടവ് ചിറ്റടി താഴത്തുവെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. അപ്പുകുഞ്ഞൻ, മെംബർമാരായ എം.പി. അബ്ദുൽ കരീം, ഗീതാമണി, ശ്രീജ ആറ്റാഞ്ചീരി മീത്തൽ, കൃഷി ഓഫിസർ ദർശന ദിലീപ്, മരക്കാർ വാവ, വിജയൻ തോൾകുഴി എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റൻറ് ഓഫിസർ കെ. അനിൽകുമാർ സ്വാഗതം പറഞ്ഞു.