പെരുമണ്ണയിൽ മൂന്നുവയസ്സുകാരനെ തെരുവുനായ കടിച്ചുപറിച്ചു
പെരുമണ്ണ:
പെരുമണ്ണ പാറമ്മലിൽ തെരുവ് നായയുടെ ആക്രമണം ;
മൂന്ന് വയസ്സുകാരന് കടിയേറ്റു
പെരുമണ്ണ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസ്സുകാരന് നേരെ തെരുവ് നായയുടെ പരാക്രമം.
പെരുമണ്ണ പാറമ്മൽ കട്ടക്കളത്തിൽ ബുഷൈർ ബാഖവി - സൈനബ ദമ്പതികളുടെ മൂന്ന് വയസ്സായ മകൻ മുഹമ്മദ് സ്വാലിഹിന് നേരെയാണ് തെരുവ് നായയുടെ പരാക്രമണമുണ്ടായത്. ഇന്നലെ രാവിലെ എട്ടര മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മുഹമ്മദ് സ്വാലിഹിന്റെ പിറകിലൂടെ വന്ന നായ സ്വാലിഹിന്റെ കാലും മുഖവും കടിച്ചു കീറുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ മാതാവാണ് നായയിൽ നിന്നും കുട്ടിയെ പാട്പെട്ട് രക്ഷിച്ചെടുത്തത്.
ഇടത്തെ കാലിലും കവിളിലും ആഴത്തിലുള്ള മുറിവുണ്ട്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു ചികിത്സനൽകി.
ആഴ്ചകൾക്ക് മുമ്പ് ഇവിടെ ഇരുചക്ര വാഹന യാത്രക്കാർക്ക് നേരെയുണ്ടായ തെരുവ് നായ ആക്രമണത്തിൽ ബൈക്ക് യാത്രികരായ നാല് പേർക്ക് പരിക്കേറ്റിരുന്നു.
പുലർച്ചെ നടക്കാനിറങ്ങുന്നവർക്കും വിദ്യാർത്ഥികൾക്കും തെരുവ് നായകൾ വലിയ ഭീഷണിയാവുന്നുണ്ട്.
പെരുമണ്ണടൗൺ , പാറമ്മൽ, വെള്ളായിക്കോട്, പുത്തൂർമഠം അങ്ങാടികളിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്ല്യം രൂക്ഷമാണ്.
കഴിഞ്ഞ ഈദുൽ ഫിത്വർ ദിനത്തിൽ വെള്ളായിക്കോട്ട് നാല് വയസ്സുകാരനടക്കം ഏഴ് പേർക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
ദിവസങ്ങൾക്ക് മുമ്പാണ് പുലർച്ചെ പള്ളിയിലേക്ക് പോവുകയായിരുന്ന പുത്തൂർമഠം പുതിയേടത്ത്മൊയ്‌തീനെയും വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന പുത്തൂർമഠം പെരിക്കാമ്പലം മരക്കാരുട്ടിയെയും തെരുവ് നായ കടിച്ചു പരിക്കേല്പിച്ചത്.
രാത്രിയിലും പുലർച്ചക്കുമൊക്കെ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് നേരെ തെരുവ് നായകൾ കുരച്ചു ചാടുന്നതും വാഹനത്തിനു പിന്നാലെ ഓടുന്നതും നിത്യ സംഭവമാണ്.
ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തെരുവ് നായ ശല്യത്തിൽ പ്രദേശവാസികൾ ആശങ്കയിലാണ്. എത്രയും പെട്ടന്ന് ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.