കോഴിക്കോട് - പാലക്കാട് ഗ്രീൻ ഫീൽഡ് ദേശീയ പാതയുടെ അതിർത്തി തിരിച്ച് കൂടത്തുംപാറയിൽ കല്ലിടുന്നു
കോഴിക്കോട് - പാലക്കാട് ഗ്രീൻ ഫീൽഡ് ഹൈവേ:
പരാതിയുള്ളയിടത്ത് പരിശോധനയും കല്ലിടലും ആരംഭിച്ചു
പെരുമണ്ണ:
കോഴിക്കോട് - പാലക്കാട് ഗ്രീൻ ഫീൽഡ് ദേശീയ പാതയുടെ ജില്ലയിലെ അതിർത്തി തിരിച്ചുള്ള കല്ലിടലും പരാതിയുള്ളയിടത്തുള്ള പരിശോധനയും ആരംഭിച്ചു.
ജൂൺ നാലിന് സാറ്റലൈറ്റ് ജി പി എസ് സംവിധാനമുപയോഗിച്ച് ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ കൂടത്തുംപാറയിൽ നിന്നാരംഭിച്ച് ജൂൺ എട്ടിന് പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ വെള്ളായിക്കോട് പുറ്റേക്കടവ് വരെ അടയാളപ്പെടുത്തൽ കഴിഞ്ഞ ശേഷമാണ് ഇന്നലെ സർവ്വേ കല്ല് നാട്ടൽ ആരംഭിച്ചത്.
121 കിലോ മീറ്റർ ദൈർഘ്യമുള്ള ദേശീയ പാതയുടെ ഒമ്പത് കിലോമീറ്ററിന് താഴെ മാത്രമാണ് കോഴിക്കോട് ജില്ലയിൽ ഭൂമി ഏറ്റെടുക്കാനുള്ളത്.
ഗ്രീൻ ഫീൽഡ് ഹൈവേ ദേശീയപാത 66 ൽ സംഗമിക്കുന്ന പന്തീരങ്കാവ് കൂടത്തുംപാറയിൽ ഇന്നലെ (വ്യാഴം ) രാവിലെയാണ് ആദ്യ കല്ല് സ്ഥാപിച്ചത്. കോഴിക്കോട് ഡെപ്യൂട്ടി കളക്ടർ ലാൽചന്ദിൻ്റെ നേതൃത്വത്തിൽ റവന്യൂ സംഘം എത്തിയാണ് കല്ലിടലിന് തുടക്കം കുറിച്ചത്. വിജ്ഞാപനത്തിൽ പെടാത്ത സർവ്വേ നമ്പറിലെ സ്ഥലം ഏറ്റെടുക്കുന്നതായി പ്രദേശവാസികൾ പരാതി ഉന്നയിക്കുകയും ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് കലക്ടറെകണ്ട് ആക്ഷൻ കമ്മിറ്റി പരാതി അറിയിച്ചത് .
തുടർന്ന് ഇന്നലെ റവന്യൂ സംഘം സ്ഥലത്തെത്തി ഭൂമിയും വീടും നഷ്ടപ്പെടുന്നവരുടെ ആധാരമടക്കമുള്ള രേഖകൾ പരിശോധിക്കുകയും രേഖയിലുള്ള സർവ്വേ നമ്പർ തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തു. അത് ഉടമകളെ ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് വീടുകൾ പൂർണമായി നഷ്ടപ്പെടുന്ന കുടുംബങ്ങളും ഇന്നലെ കളക്ടറെ കണ്ട് ആശങ്കകൾ അറിയിച്ചിട്ടുണ്ട്. ഏറ്റെടുക്കുന്ന സ്ഥലത്തെ വസ്തുവകകളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്റെയും സർവ്വേ പൂർത്തിയാക്കി ഏറ്റെടുക്കൽ പൂർത്തികരിക്കുന്നതിൻ്റെയും മുന്നോടിയായിട്ടാണ് കല്ലുകൾ സ്ഥാപിക്കുന്നതെന്ന് കലക്ടർ വ്യക്തമാക്കി.
റവന്യൂ ഇൻസ്പക്ടർ
ഉമേഷ്, ഒളവണ്ണ വില്ലേജ് ഓഫീസർ, സർവ്വേയർ ഇർഷാദ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.