കല്ലറ കോളനിയിൽ ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ
പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചു
കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ കല്ലറ പട്ടികജാതി കോളനി വികസനത്തിന് അംബേദ്കർ ഗ്രാമം പദ്ധതിയിൽ അനുവദിച്ച ഒരു കോടി രൂപയുടെ പ്രവർത്തികൾ ആരംഭിക്കുന്നതിന് തീരുമാനം. ഇതുസംബന്ധിച്ച നടപടികൾ ആലോചിക്കുന്നതിന് വിളിച്ചുചേർത്ത കോളനി വാസികളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കോളനി വാസികളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനും, വായനശാല, ശ്മശാനം, റോഡ് തുടങ്ങിയ പൊതു ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിനും മുൻഗണന നൽകി പദ്ധതി പ്രാവർത്തികമാക്കുന്നതിന് തീരുമാനിച്ചു.
2021-22 വർഷത്തിൽ കുന്നമംഗലം മണ്ഡലത്തിൽ നിന്നും അംബേദ്കർ ഗ്രാമം പദ്ധതിയിൽ കല്ലറ കോളനിക്ക് പുറമെ മാവൂർ ഗ്രാമപഞ്ചായത്തിലെ കോട്ടാംപറമ്പ കോളനിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കുന്നമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ ഷൈജ വളപ്പിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ, പട്ടികജാതി വികസന ഓഫീസർ ടി.എം മുകേഷ്, കേരള ഇലക്ട്രിക്കൽ ആൻ്റ് അലൈഡ് എൻജിനീയറിങ് കമ്പനി എൻജിനിയർ പി.എം അബ്ദുൽ സത്താർ, നിർവഹണ ഏജൻസി പ്രതിനിധി കെ.ടി അസീസ്, എം.കെ മഹേഷ്, കെ യശോദ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ജസീല ബഷീർ സ്വാഗതവും കെ ഗോപിനാഥൻ നന്ദിയും പറഞ്ഞു.