മത നിന്ദകള്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കേണ്ടത് എല്ലാവരുടേയും ബാധ്യത : മിസ്ഹബ് കീഴരിയൂര്‍
പെരുമണ്ണ :
രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്ന മുഴുവന്‍ മത നിന്ദകള്ക്കെതിരെയും ഒരുമിച്ച് നിന്ന് പ്രതിഷേധിക്കാനും പ്രതികരിക്കാനും രാജ്യത്തെ മുഴുവന്‍ സമൂഹവും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ പറഞ്ഞു. പ്രവാചക നിന്ദക്കെതിരെ കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പുത്തൂര്‍മഠത്ത് സംഘടിപ്പിച്ച പ്രതിഷേധ ശബ്ദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ പ്രവാചകനെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി വലിച്ചിഴക്കുകയാണെന്നും, ഇസ്ലാമോഫോബിയയിലൂടെ ഇന്ത്യയിലെ മുസ്ലിം സമൂഹത്തെ അവഹേളിക്കാനും അവമതിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ വൈവിധ്യങ്ങളുടെ ഉള്ളടക്കത്തെ ബാധിക്കുന്ന, നയ തന്ത്ര ഇടപെടലുകളെ ബാധിക്കുന്ന പ്രസ്ഥാവനകള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട് ഉള്‍പ്പടെ വിവിധ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രവാചക നിന്ദക്കെതിരായും, ബുള്‍ഡോസര്‍ രാജിനെതിരായും, ഇന്ത്യന്‍ സൈനിക സംവിധാനങ്ങളെ തകര്‍ക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരായും ജൂണ്‍ 21 ചൊവ്വാഴ്ച പ്രതിഷേധ ധര്‍ണ നടക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വര്‍ഗീയമായി ചേരിതിരിവിന് വേണ്ടി കേന്ദ്രം ഭരിക്കുന്ന ബി ജെ പി യുടെ വാക്താക്കള്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ പ്രതിഷേധിച്ച റാഞ്ചിയിലേയും കാണ്‍പൂരിലേയും നിരവധി ചെറുപ്പക്കാരെ അറസ്റ്റ് ചെയ്യുകയും വെടി വെച്ച് കൊലപ്പെടുത്തുകയും, അവരുടെ വീടുകള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്യുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരേണ്ടതുണ്ടെന്നും മിസ്ഹബ് കീഴരിയൂര്‍ ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഐ.സല്മാന് അദ്ധ്യക്ഷനായിരുന്നു. യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ കെ.എം.എ റഷീദ്, സെക്രട്ടറി ഒ.എം നൗഷാദ്, നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി വി.പി മുഹമ്മദ് മാസ്റ്റര്‍, പഞ്ചായത്ത് മുസ്ലീംലീഗ് പ്രസിഡന്റ് കെ. അബ്ദുറഹിമാൻ,മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ എം.പി സലീം, നൗഷാദ് പുത്തൂര്‍മഠം, ടി.പി.എം സാദിക്ക്, സി.ടി മുഹമ്മദ് ശരീഫ്, മുഹമ്മദ് കോയ കായലം എന്നിവര്‍ സംസാരിച്ചു. ജുനൈദ് പെരിങ്ങളം, ശിഹാദ് പൊന്നാരിമീത്തല്‍, നിസാര്‍ പെരുമണ്ണ, റിയാസ് പുത്തൂര്‍മഠം, ഹല്ലാദ് പാലാഴി,കബീര്‍ പെരുമണ്ണ, മുനീര്‍ പുത്തൂര്‍മഠം എന്നിവര്‍ പ്രതിഷേധ ശബ്ദത്തിന് നേതൃത്വം നല്കി.