നീർത്തട നടത്തം കൗതുകമായി
പെരുമണ്ണ പഞ്ചായത്തിലെ 10-11 വാർഡുകൾ സംയുക്തമായി സംഘടിപ്പിച്ച നീർത്തട നടത്തം
പെരുമണ്ണ:
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പിലാക്കുന്ന നീരുറവ് നീർത്തട സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി പെരുമണ്ണ പഞ്ചായത്തിലെ 10,11 വാർഡുകളിലെ നീർത്തട അയൽ സഭാംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് നടത്തിയ നീർത്തട നടത്തം കൗതുകമായി. കരിയാട്ട് താഴത്ത് നിന്ന് തുടങ്ങി ചാലിയാറിൽ സംഗമിക്കുന്ന തുള്ളത്ത്താഴം വരെ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം എ പ്രതീഷ്, വി പി കബീർ, തൊഴിലുറപ്പ് എ ഇ മജ്നാസ് വി , ഓവർസീയർ ഇ ദിനീഷ് എന്നിവരുടെ നേതൃത്വത്തിൽ ഡ്രൈനേജ് മാപ്പിന്റെ അടിസ്ഥാനത്തിൽ വാർഡിലൂടെ ഒഴുകുന്ന തുള്ളത്ത് തോടിന് സമാന്തരമായാണ് നീർത്തട നടത്തം നടന്നത്. നീർച്ചാലുകളുടെ സുഖകരമായ ഒഴുക്കിന് ആവശ്യമായ എല്ലാ ഇടപെടലുകളും നടത്താൻ വാർഡ് നീർത്തട കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വികസന സമിതി അംഗങ്ങളായ മുരളീധരൻ ചെറുകയിൽ, ശ്രീനിവാസൻ കരിയാട്ട്, തൊഴിലുറപ്പ് തൊഴിലാളികൾ,എഡിഎസ് അംഗങ്ങൾ,കർഷകർ തുടങ്ങിയവർ സംബന്ധിച്ചു.
അയൽസഭാ യോഗത്തിൽ എം എ പ്രതീഷ് അധ്യക്ഷനായി. മജ്നാസ് വി, കബീർ വി പി പ്രസംഗിച്ചു.