പെരിങ്ങളം ജംഗ്ഷനിൽ ബൈപാസ് നിർമാണത്തിന് പദ്ധതി
അഞ്ച് റോഡുകളുടെ സംഗമ സ്ഥാനമായ പെരിങ്ങളം ജംഗ്ഷനിൽ ബൈപാസ് നിർമാണത്തിന് പദ്ധതി. കുന്നമംഗലം, സി.ഡബ്ല്യു.ആർ.ഡി.എം, കുറ്റിക്കാട്ടൂർ, ചെത്തുകടവ്, വിരിട്ട്യാക്ക് എന്നിവിടങ്ങളിൽനിന്നുള്ള റോഡുകൾ പരിഷ്കരിച്ചതോടെ പെരിങ്ങളം ജംഗ്ഷനിൽ ഉണ്ടായ ഗതാഗതക്കുരുക്കിന് പരിഹാരമായി ഒരു റിംഗ് റോഡ് നിർമ്മിക്കുന്നതിനുള്ള പദ്ധതിയാണ് ആവിഷ്കരിക്കുന്നത്.
വീതി കുറഞ്ഞ പെരിങ്ങളം ടൗൺ നവീകരണവും റിംഗ് റോഡ് നിർമാണവും നടത്തുന്നതിനുള്ള പരിശോധനകൾക്കായി പി.ടി.എ റഹീം എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ച് വിശദ പദ്ധതി രേഖ തയ്യാറാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു.
കുന്നമംഗലം ടൗണിലേക്ക് പ്രവേശിക്കാതെ വാഹന യാത്രക്കാർ പെരിങ്ങളം ജംഗ്ഷൻ കേന്ദ്രീകരിച്ചാണ് ഇപ്പോൾ വിവിധ ഭാഗങ്ങളിലേക്ക് കടന്നുപോകുന്നത്. ഇതുമൂലം കുന്നമംഗലം ടൗണിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമായിട്ടുണ്ട്. പരിഷ്കരിച്ച വിവിധ റോഡുകളുടെ ഗുണം പൂർണ്ണ അർത്ഥത്തിൽ ലഭ്യമാകണമെങ്കിൽ പെരിങ്ങളം ജംഗ്ഷനിലെ തിരക്ക് ഒഴിവാക്കേണ്ടതുണ്ടെന്ന പൊതു ആവശ്യമാണ് റിംഗ് റോഡ് നിർമ്മാണ പദ്ധതി ആവിഷ്കരിക്കുന്നതിന് പ്രേരകമായത്.
പി.ടി.എ റഹീം എം.എൽ.എ, പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ ശ്രീജയൻ, അസി. എഞ്ചിനീയർ സി.ടി പ്രസാദ്, ഓവർസിയർ അമൃത വിജയൻ, വി.സി സേതുമാധവൻ തുടങ്ങിയവർ സംബന്ധിച്ചു.