പാലക്കാട് കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാത
അലൈന്‍മെന്റില്‍ മാറ്റംവേണമെന്ന് സ്ഥലം ഉടമകൾ
ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു
പെരുമണ്ണ: പാലക്കാട് - കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാത അലൈന്‍മെന്റിനെതിരെ പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ അമ്പിലോളി, അരമ്പച്ചാല്‍ പ്രദേശത്തെ സ്ഥലം ഉടമകള്‍ രംഗത്ത്. ഞായറാഴ്ച രാവിലെ അമ്പിലോളിയില്‍ നടന്ന സ്ഥലമുടമകളുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തില്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു. ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി, അമ്പിലോളി, അരമ്പച്ചാല്‍ പ്രദേശത്തെ ദേശീയപാത അലൈന്‍മെന്റില്‍ മാറ്റം വരുത്തണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്.
നിലവിലെ അലൈന്‍മെന്റ് പ്രകാരം ഈ പ്രദേശത്തെ 55 ഓളം വീടുകളും ആരാധനാലയങ്ങളും പൂര്‍ണ്ണമായും ഭാഗികമായും നഷ്ടമാകുന്നുണ്ട്. ഇതൊഴിവാക്കണമെന്നതാണ് പ്രധാന ആവശ്യം. ആരാധനാലയങ്ങള്‍ സംരക്ഷിക്കുക, കുടിഒഴിപ്പിക്കപ്പെടുന്നവര്‍ക്ക് ഈ പ്രദേശത്ത് തന്നെ പുനരധിവാസം ഉറപ്പാക്കുക, ഭൂമിയും വീടും നഷ്ടപ്പെടുന്നവര്‍ക്ക് പരമാവധി നഷ്ടപരിഹാരം ലഭ്യമാക്കുക, സ്ഥലമേറ്റെടുത്തതിനു ശേഷം വളരെ കുറഞ്ഞ ഭൂമി ബാക്കിവരുന്നുണ്ടെങ്കില്‍ അതുകൂടി ഏറ്റെടുക്കുന്നതിനുള്ള നടപടി ഉണ്ടാവുക തുടങ്ങിയ ആവശ്യങ്ങളും സ്ഥലം ഉടമകള്‍ ഉന്നയിക്കുന്നുണ്ട്. സ്ത്രീകളും പ്രായമായവരുമടക്കം 150 ഓളം പേര്‍ പങ്കെടുത്ത സ്ഥലം ഉടമകളുടെ യോഗം പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. കെ.ടി മൂസ്സ(ചെയ.), രഞ്ജിത്ത് അരമ്പച്ചാലില്‍(കണ്‍) എന്നിവരാണ് ആക്ഷന്‍കമ്മറ്റി ഭാരവാഹികള്‍.
അതേസമയം, കഴിഞ്ഞദിവസം തുടങ്ങിയിരുന്ന ദേശീയപാതയുടെ ജില്ലയിലെ അതിരിടല്‍ നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ദേശീയപാത വിഭാഗം പ്രസിദ്ധീകരിച്ച 3 - എ വിജ്ഞാപനപ്രകാരമല്ല അതിരിടലെന്ന സ്ഥലമുടമകളുടെ പരാതിയെ തുടര്‍ന്നാണ് നാഷണല്‍ ഹൈവേ ലാന്‍ഡ് അക്യുസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി.എസ് ലാല്‍ചന്ദ് അതിരിടല്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ചത്. ചൊവ്വാഴ്ച റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരാതി പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കളക്ടര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
പാലക്കാട്ടുനിന്ന് തുടങ്ങി കോഴിക്കോട് പന്തീരങ്കാവ് ദേശീയപാത 66 - ല്‍ അവസാനിക്കുന്ന നിര്‍ദിഷ്ട ആറുവരിപ്പാത മലപ്പുറം കൊണ്ടോട്ടി താലൂക്കിലെ വാഴയൂര്‍വഴി ചാലിയാര്‍പ്പുഴ കടന്നാണ് പെരുമണ്ണ അങ്ങാടിയിലൂടെ പന്തീരങ്കാവ് ദേശീയപാതയിലേക്കെത്തുന്നത്. ജില്ലയില്‍ പെരുമണ്ണ, ഒളവണ്ണ ഗ്രാപഞ്ചായത്ത് പരിധികളിലെ സ്ഥലം മാത്രമാണ് ഈ ദേശീയപാതയ്ക്ക് ഏറ്റെടുക്കേണ്ടതായിട്ടുള്ളത്. പാലക്കാട് - കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാത യാഥാര്‍ത്ഥ്യമാകുന്നതോടെ നിലവിലെ കോഴിക്കോട് - രാമനാട്ടുകര - പാലക്കാട് ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.