വംശീയ കാലത്ത് സാമൂഹ്യനീതിയുടെ കാവലാളാവുക-
വെൽഫെയർ പാർട്ടി.
കുന്ദമംഗലം :
വംശീയ ഉൻമൂലനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘ്പരിവാർ രാഷ്ട്രീയത്തിനെതിരെ എല്ലാ അഭിപ്രായ ഭിന്നതകളും മറന്ന് യോജിച്ച മുന്നേറ്റത്തിന് രാഷ്ട്രീയ പാർട്ടികൾ തയ്യാറാവണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. കുന്ദമംഗലം വ്യാപാര ഭവനിൽ നടന്ന വെൽഫെയർ പാർട്ടി മേഖലാ നേതൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെറുപ്പ് ഉൽപ്പാദിപ്പിക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ മാനവികതയിലൂന്നിയ സക്രിയമായ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ മതേതര സമൂഹത്തിന് സാധ്യമാവണം. കേരത്തിൽ നില നിൽക്കുന്ന സൗഹൃദ സാമൂഹിക അന്തരീക്ഷത്തെ കലുഷിതമാക്കുന്ന കൊലവിളി രാഷ്ട്രീയ മുദ്രാവാക്യങ്ങളുയർത്തിയ സംഘ്പരിവാർ പ്രകടനങ്ങൾക്കെതിരെ പോലീസ് കേസെടുക്കാൻ പോലും തയ്യാറാവാത്തത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ട്രഷറർ ഇ.പി. അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. ക്യാമ്പയിൻ കൺവീനർ ഷംസുദ്ദീൻ ചെറുവാടി ക്യാമ്പയിൻ വിശദീകരിച്ചു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ടി.കെ മാധവൻ, ജയപ്രകാശ് മടവൂർ, കെ.സി അൻവർ, സിറാജുദ്ദീൻ ഇബ്നു ഹംസ, എസ് ഖമറുദ്ദീൻ, മുസ്‌ലിഹ് പെരിങ്ങൊളം, തൗഹീദ അൻവർ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി സമാപന പ്രഭാഷണം നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി ചന്ദ്രൻ കല്ലുരുട്ടി സ്വാഗതം പറഞ്ഞു.