ബലി പെരുന്നാൾ വന്നെത്തുമ്പോൾ
വിശ്വാസികൾ ആവേശത്തോടെയാണ് പെരുന്നാളുകളെ വരവേൽക്കുന്നത്. രണ്ടു മാസങ്ങൾക്കു മുമ്പ് മുസ്‌ലിംകൾ ഈദുൽ ഫിത്ർ ആഘോഷിച്ചു. വ്രതം നൽകിയ ആത്മീയ പരിവേഷത്തെ നിലനിർത്താൻ സന്തോഷത്തോടെ ഈദ് ആഘോഷിച്ചു.
ഈ വർഷത്തെ ഈദുൽ ഫിത്തർ ഞാനും ഭാര്യയും ഖത്തറിൽ വെച്ചാണ് ആഘോഷിച്ചത്. റമളാൻ അവസാനത്തിൽ അവിടെയെത്തിയ ഞങ്ങൾക്ക് നോമ്പിന്റെ ക്ഷീണം അറിഞ്ഞിരുന്നില്ല. പതിനൊന്നു മണിക്ക് പള്ളിയിൽ പോകും. മൂന്ന് മണിക്കുള്ള പ്രാർത്ഥന നിർവഹിച്ചു തിരിച്ചു പോരും, അത് വരെ ഖുർആൻ പാരായണം ചെയ്യും. അറബികളെ കണ്ടാൽ അവരുമായി ലോഗ്യം പറയും. ഭാര്യക്കും കുറേ അറബി വനിതകളെ സ്നേഹിതകളായി കിട്ടിയിരുന്നു. ഒരു കാര്യം പറഞ്ഞോട്ടെ, ഇവിടത്തെ നമസ്കാര സമയമല്ല അറേബ്യൻ നാട്ടിലെത്.2022മെയ് ഏഴാം തിയ്യതിയിലെ നമസ്കാര സമയം ഇങ്ങനെയാണ്. ദുഹർ 11:31, അസർ 2:58, മഗ്‌രിബ് 6:09, ഇശാ 7:39, സുബഹ് 3:30.
പെരുന്നാളിന്ന് മൂന്നു ദിവസം കോർണിഷ് എന്ന പ്രദേശം അടച്ചിട്ടതായിരുന്നു. അവിടേക്ക് വാഹനങ്ങൾ വരുന്നത് നിയന്ത്രിച്ചിരുന്നു.അവിടെ പെരുന്നാൾ ആഘോഷ പരിപാടികളായിരുന്നു. മാജിക് ഷോ, ബലൂൺ പരേഡ്, ഗാനമേള തുടങ്ങിയ പരിപാടികൾ ശ്രോതാക്കളെ ആവേശം കൊള്ളിച്ചിരുന്നു. ഞങ്ങൾക്ക് വി ഐ പി കസേരകളാണ് ഇരിക്കാൻ കിട്ടിയിരുന്നത്. ഗാനമേള എനിക്കത്ര പിടിച്ചില്ല.ഒരു മാസം ഖത്തർ വാസം നടത്തി തിരിച്ചു പോന്നു.
ബലി പെരുന്നാൾ ആഘോഷിക്കുമ്പോൾ ബലിദാനം ആണ് പ്രധാനപ്പെട്ട ഒരു ചടങ്ങ്. അല്ലാഹുവിന്റെ ഇഷ്ട തൊഴനായ മഹാനായ പ്രവാചകൻ ഇബ്രാഹിമിന്റെ (സ )ജീവിത സ്മരണ പുതുക്കലാണ് ഈദുൽ അദ്ഹാ ആഘോഷിക്കുന്നതിലൂടെ വിശ്വാസികൾ ചെയ്യുന്നത്. ഓടിച്ചാടി നടക്കാൻ പ്രായമായ ഇസ്മായീലിനെ വിളിച്ചു "നിന്നെ അറുക്കാൻ ദൈവിക കൽപ്പന ഉണ്ട് " എന്നു പറഞ്ഞപ്പോൾ "നിങ്ങളോട് ദൈവം കല്പിച്ചത് നിങ്ങൾ പ്രാവർത്തികമാക്കുക "എന്നാണ് ആ കുട്ടി മറുപടി നൽകിയത്. അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമായ ഇബ്രാഹീമിന്റെ മകൻ ധൈര്യത്തിന്റെയും നിഷ്കളങ്കതയുടെയും പ്രതീകം. ഇബ്രാഹിം കൽപന ശിരസ്സാ വഹിച്ചു, അറുക്കാൻ ഒരാടിനെ ദൈവം നൽകി. അന്ന് അറുത്തത് ഇന്നും വിശ്വാസികൾ അറുക്കുന്നു. ആടും മാടും ഒട്ടകവും എല്ലാം.
സാമ്പത്തിക പ്രയാസം കൊണ്ട് അറുക്കാൻ കഴിയാത്ത പ്രദേശക്കാരെ മറ്റു മഹല്ലുകളിൽ ഉള്ളവർ സഹായിക്കുന്നു. ഉത്തരേന്ത്യയിലേക്കും കേരളത്തിൽ നിന്നും ഉദുഹിയത്ത് ഫണ്ടുകൾ ഒഴുകുന്നുണ്ട്. ഇറച്ചി തിന്നുമ്പോൾ അയൽവാസിയായ അമുസ്‌ലിം സഹോദരങ്ങൾക്ക് കിട്ടിയിട്ടുണ്ടോ എന്നൊന്ന് ശ്രദ്ധിക്കണം. മത്സരിച്ചു എണ്ണം കൂട്ടി അറുക്കുന്നവർ ഓർക്കണം, ഒന്നും കിട്ടാൻ വകയില്ലാത്ത പട്ടിണി പാവങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്നുണ്ട് എന്ന കാര്യം.
ബലി പെരുന്നാൾ ആഘോഷം മൂന്ന് ദിവസമുണ്ട്, വിരുന്നു പോകാം, ബന്ധങ്ങൾ പുതുക്കാം, വീട്ടിലേക്ക് വരുന്നവരെ ഹൃദ്യമായി സ്വീകരിക്കാം, രോഗികളെ സന്ദർശിക്കാം.യാത്രകൾ നടത്താം.
എല്ലാറ്റിനും ഒരു പരിധിയുണ്ട്. ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളിലെ അതിർ വരമ്പുകൾ ചാടിക്കടക്കരുത്.
പറയാൻ ഒത്തിരിയുണ്ട്. തല്ക്കാലം ഇവിടെ നിർത്തുന്നു. മഹാനായ പ്രവാചകൻ ഇബ്രാഹീമിന്റെ ജീവിത രേഖ പഠിക്കുക, വിശ്വാസ ദാർഢ്യതയും ഏകദൈവവിശ്വാസവും ജീവിത നൈരന്ത ര്യത്തിന്റെ ഭാഗമാക്കുക. പാവപ്പെട്ടവന്റെയും കഷ്ടത അനുഭവിക്കുന്നവരുടെയും കണ്ണീരിന്റെ വില അറിയുക.
ഏവർക്കും ഹൃദ്യമായ ബലി പെരുന്നാൾ ആശംസകൾ.