തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 54.6 ലക്ഷം രൂപ ചെലവിൽ നവീകരിക്കുന്ന കണ്ണംചിന്നം പാലം മാമ്പുഴപ്പാലം റോഡിന്റെ പ്രവൃത്തി പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ കണ്ണംചിന്നം പാലം മാമ്പുഴപ്പാലം റോഡ് പ്രവൃത്തി പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. തീരദേശ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 54.6 ലക്ഷം രൂപ ചെലവിലാണ് റോഡിന്റെ നവീകരണ പ്രവൃത്തികൾ നടത്തുന്നത്.
പാലാഴി പുത്തൂർ മഠം റോഡിലെ കണ്ണംചിന്നം പാലത്തിനടുത്ത് നിന്ന് ആരംഭിച്ച് കീഴ്മാട് മാമ്പുഴപ്പാലം ഭാഗത്തേക്കുള്ള ഈ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന പ്രദേശവാസികളുടെ ഏറെക്കാലമായുള്ള ആവശ്യമാണ് പരിഷ്കരണ പ്രവൃത്തികൾ ആരംഭിക്കുന്നതോടെ പൂവണിയുന്നത്.
മാമ്പുഴ തീരത്ത് കൂടി കടന്നു പോകുന്ന ഈ റോഡിന്റെ ഇരുഭാഗവും കെട്ടിയുയർത്തി കൾവർട്ട്, സിമൻറ് പൈപ്പുകൾ സ്ഥാപിക്കൽ, സംരക്ഷണഭിത്തി കെട്ടൽ, ടാറിങ് തുടങ്ങിയവയാണ് പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്നിൽ ഉൾപ്പെട്ട ഈ റോഡിന്റെ നവീകരണ പ്രവൃത്തി
പൂർത്തിയാകുന്നതോടെ ഇരിങ്ങല്ലൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ, പാലാഴി, കീഴ്മാട് മാമ്പുഴപ്പാലം തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള എളുപ്പ മാർഗമായി ഇത് മാറും. ചിറക്കൽ ശിവ ഭഗവതി ക്ഷേത്രത്തിനു സമീപത്തു കൂടി കടന്നുപോകുന്ന ഈ റോഡ് ക്ഷേത്രദർശനത്തിനെത്തുന്നവർക്കും ഏറെ സൗകര്യപ്രദമാവും.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ അജിത, എ പുരുഷോത്തമൻ, കെ അശോകൻ, പി സുരേഷ്, കെ നിത്യാനന്ദൻ, ടി നിസാർ സംസാരിച്ചു. ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ കാമ്പുറത്ത് സ്വാഗതവും സി സുജിത്പാൽ നന്ദിയും പറഞ്ഞു.