ഡോ.ഹുസൈൻ മടവൂരിന്ന് ഗോൾഡൻ വിസ ലഭിച്ചു.
കെ.എൻ.എം. സംസ്ഥാന വൈസ് പ്രസിഡൻറും ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യുമൻ റിസോഴ്സ് ഡെവലപ്മെൻ്റ് ഫൗണ്ടേഷൻ (HRDF) ചെയർമാനുമായ ഡോ.ഹുസൈൻ മടവൂരിന്ന് യു.എ.ഇ സർക്കാർ ഗോൾഡൻ വിസ അനുവദിച്ചു.
വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾക്കുള്ള ആദരമായാണ് യു.എ.ഇ സർക്കാർ ഗോൾഡൻ വിസ നൽകുന്നത്. ദുബൈ ഇമിഗ്രേഷൻ വിഭാഗം ഓഫീസിൽ നടന്ന പ്രത്യേക ചടങ്ങിൽ വെച്ച് ഉയർന്ന ഓഫീസർമാർ
വിസ സമർപ്പണം നടത്തി.
നാല് പതിറ്റാണ്ടുകളായി വിദ്യാഭ്യാസ പ്രചാരണത്തിന്നും അക്കാദമിക രംഗത്തെ നവീകരണത്തിന്നും ഡോ.മടവൂർ നടത്തുന്ന പ്രവർത്തനങ്ങളാണ് ഗോൾഡൻ വിസക്ക് പരിഗണിച്ചത്. ഉത്തരേന്ത്യയിലെ പിന്നാക്ക ഗ്രാമങ്ങളിലെ ദരിദ്ര വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകാനുള്ള നിരവധി പദ്ധതികളാണ് അദ്ദേഹം നടപ്പിലാക്കിയിട്ടുള്ളത്. അത്തരം പ്രദേശങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കുകയും വിദ്യാർത്ഥികൾക്ക് യൂണിഫോം, പഠനോപകൾ, ഉച്ചഭക്ഷണം തുടങ്ങിയവ ലഭ്യമാക്കുകയും ചെയ്യുന്നു. അനാഥരും അഗതികളുമായ വിദ്യാർത്ഥികളെ ദത്തെടുത്ത് സംരക്ഷിക്കുന്നു. ഡൽഹി, യു.പി , ബീഹാർ, ബംഗാൾ, ഝാർഖൺഡ്, ആസ്സാം, ഹരിയാന, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് എഛ് ആർ ഡി എഫിൻ്റെ പ്രധാന പ്രവർത്തനങ്ങൾ. ആരോഗ്യ ബോധവൽക്കരണം, ചികിത്സാ സഹായം, കുടിവെള്ള പദ്ധതികൾ, പുനരധിവാസം തുടങ്ങിയ മേഖലകളിൽ നൂറു കണക്കിന് പദ്ധതികളാണ് ഹുസൈൻ മടവൂരിൻ്റെ നേതൃത്വത്തിൽ നടന്ന് വരുന്നത്.
ഫാറൂഖ് റൗസത്തുൽ ഉലൂം അറബിക്കോളെജ്
പ്രിൻസിപ്പാൾ ആയി വിരമിച്ച ശേഷം അദ്ദേഹം കൊല്ലത്തെ
ശ്രീ നാരായണ ഗുരു സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അറബിക് അക്കാദമിക് കമ്മിറ്റി ഡിസിപ്ലിൻ ചെയർമാനായി നിയമിതനായി. നേരത്തെ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി , കാലിക്കറ് യൂണിവേഴ്സിറ്റി, ചെന്നൈയിലെ ബി.എസ്.എ.ആർ യൂണിവേഴ്സിറ്റി എന്നിവിടങ്ങിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായും കാലികറ്റ് യൂണിവേഴ്സിറ്റി അക്കാദമിക് കൗൺസിൽ അംഗമായും പ്രവർത്തിച്ചു.
യു.ജി.സി യുടെ കീഴിൽ ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി, ജാമിഅ മില്ലിയ്യ, അലിഗർ മുസ്ലിം യൂണിവേഴ്സിറ്റി, ശ്രീനഗർ യൂണിവേഴ്സിറ്റി തുടങ്ങിയ യൂണിവേഴ്സ്റ്റികളിൽ റിസോഴ്സ് പേഴ്സൺ ആയി പ്രവർത്തിച്ചിട്ടുണ്ട്. ഡൽഹിയിലെ ഇന്ത്യാ ഇസ്ലാമിക് കൾച്ചറൽ സെൻ്റർ ലൈഫ് മെമ്പറാണ്. ഉത്തരേന്ത്യയിലെ മത പാഠശാലകളിലെ വിദ്യാർത്ഥികളെ നാഷനൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) ൻ്റെ പരീക്ഷക്കിരുത്തി അവരെ മുഖ്യധാരാ പൊതുവിദ്യാഭ്യാസത്തിലേക്ക് കൊണ്ട് വരാനുള്ള പ്രവർത്തനങ്ങളും നടത്തി വരുന്നു.
കേരളത്തിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന മേപ്പയ്യൂർ സലഫിയ അസോസിയേഷൻ, നരിക്കുനി സലഫി ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ ചെയർമാനും
വയനാട് മുസ് ലിം കൾച്ചറൽ ഫൗണ്ടേഷൻ വൈസ് ചെയർമാനുമാണ്.
കൂടാതെ തിരുരങ്ങാടി ഓർഫനേജ്, അരീക്കോട് സുല്ല മുസ്സലാം, വാഴക്കാട് ദാറുദ്ദഅവ തുടങ്ങിയ സ്ഥാപനങ്ങളുടെ കമ്മിറ്റി അംഗവുമാണ്.
സ്കൂൾ വിദ്യാഭ്യാസത്തിന്ന് ശേഷം ഫാറൂഖ് ആർ.യു. എ. കോളെജിലായിരു ന്നു പഠനം. അലിഗർ യൂണിവേഴ്സിറ്റിയിൽ നിന്ന് അറബി ഭാഷയിൽ ബിരുദാനനന്തര ബിരുദം നേടി.
സൗദിയിലെ മക്കാ ഉമ്മുൽ ഖുറാ യൂണിവേഴ്സ്റ്റിയിൽ മത താരതമ്യപഠനം മുഖ്യ വിഷയമായെടുത്ത് ഇസ്ലാമിക് സ്റ്റഡീസിൽ ഉന്നത പഠനം പൂർത്തിയാക്കി. അമേരിക്ക, ബ്രിട്ടൺ, ഈജിപ്ത്, മലേഷ്യ, ഇന്തോനേഷ്യ, പാലസ്തീൻ ജോർഡാൻ, തുർക്കി, ഗൾഫു രാഷ്ട്രങ്ങൾ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ സന്ദർശിക്കുകയും പ്രമുഖ സർവ്വകലാശാലകളിലും മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സെമിനാറുകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
കേന്ദ്ര സർക്കാറിൻ്റെ ന്യൂനപക്ഷ മന്ത്രാലയം സംസ്ഥാന തല കോ- ഓഡിനേറ്റർ ആയും കേന്ദ്ര ഉർദു ഭാഷാ സമിതി, അറബി ഭാഷാ സമിതി, സംസ്ഥാന വഖഫ് ബോർഡ് , സംസ്ഥാന സാക്ഷരതാ സമിതി എന്നിവയിൽ അംഗമായും ഡോ.ഹുസൈൻ മടവൂർ പ്രവർത്തിച്ചിട്ടുണ്ട്.
ഗോൾഡൻ വിസ ലഭിച്ചതിൽ അദ്ദേഹം യു.എ.ഇ ഭരണാധികാരികൾക്ക് നന്ദി രേഖപ്പെടുത്തി.