ഗ്രാമ പഞ്ചായത്ത് പ്രസിഡൻറായ ടി. രഞ്ജിത്തിന് മാവൂരിൽ പൗരസ്വീകരണം
മാവൂർ:
എതിർ ശബ്ദങ്ങളെ അടിച്ചൊതുക്കുന്ന നയം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് കെ.കെ. രമ എം.എൽ.എ. ഈ അടിച്ചമർത്തൽ നയത്തിനെതിരെ പ്രതിരോധം കെട്ടിപ്പടുക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും അവർ പറഞ്ഞു. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റ ആർ.എം.പി.ഐയിലെ ടി. രഞ്ജിത്തിന് മാവൂരിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മോദിക്കെതിരെയുള്ള ശബ്ദങ്ങളെ ഇല്ലാതാക്കാൻ പാർലമെന്റിൽ പറയാൻ പാടില്ലാത്ത വാക്കുകളെ പട്ടികപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. രാജ്യത്തെ വിഴുങ്ങുന്ന ഈ രാഷ്ട്രീയ, വർഗീയ ഫാഷിസത്തിനെതിരെ ജനാധിപത്യ, മതനിരപേക്ഷ ശക്തികളുടെ വിശാല ഐക്യം കാലംതേടുകയാണ്. സ്വന്തം പാർട്ടി ഓഫിസിലേക്ക് സ്ഫോടകവസ്തു എറിയുകയും അത് മറ്റുള്ളവരിൽ ആരോപിക്കുകയും ചെയ്യുന്ന നാണംകെട്ട രാഷ്ട്രീയമാണ് കേരളത്തിൽ ഭരണകക്ഷി നടപ്പാക്കുന്നതെന്നും അവർ പറഞ്ഞു. യു.ഡി.എഫ്-ആർ.എം.പി മുന്നണി സംയുക്തമായി സംഘടിപ്പിച്ച സ്വീകരണത്തിൽ യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ എം. ഇസ്മായിൽമാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ, യു.ഡി.എഫ് ജില്ല കൺവീനർ എം.എ. റസാഖ് മാസ്റ്റർ, േബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലുളി, ആർ.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി എൻ. വേണു തുടങ്ങിയവർ സംസാരിച്ചു. യു.ഡി.എഫ് കൺവീനർ വി.എസ്. രഞ്ജിത് സ്വാഗതം പറഞ്ഞു.