Peruvayal News

Peruvayal News

രാമനാട്ടുകരയിൽ തെരുവ് നായ ശല്യം രൂക്ഷം:ജനങ്ങൾ ഭീഷണിയിൽ

രാമനാട്ടുകരയിൽ തെരുവ് നായ ശല്യം രൂക്ഷം:
ജനങ്ങൾ ഭീഷണിയിൽ

രാമനാട്ടുകര:ടൗണിലും മറ്റ് സമീപ പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ അധികൃതർ അടിയന്തിര നടപടിയെടുക്കണമെന്ന് റെസിഡൻ്റ്സ് അസോസിയേഷൻ ഏകോപന സമിതി രാമനാട്ടുകര മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.
രാമനാട്ടുകര നഗരസഭയിലെ എല്ലാ പ്രദേശങ്ങളിലും തെരുവുനായ്ക്കൾ അലഞ്ഞുതിരിയുന്നതു ജനങ്ങൾക്കു ഭീഷണിയാകുകയാണ്. രാത്രികാലങ്ങളിലും രാവിലെയും പ്രധാന റോഡുകളിലെത്തുന്നവരാണ് ഏറെ വലയുന്നത്. മദ്രസാ , സ്‌കൂൾ വിദ്യാർത്ഥികളും ആരാധനാലയങ്ങളിലും പോകുന്നവരുമാണ് നായ്ക്കളുടെ ഭീഷണി കൂടുതൽ നേരിടുന്നത്. രാത്രി ടൗണിലൂടെ നടന്നുപോകുന്നവർ നായ്ക്കളുടെ ആക്രമണ ഭീതിയിലാണ് പോകുന്നത്. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ തെരുവുനായ്ക്കൾക്കു ഭക്ഷണം നൽകുന്നതും ഇവ പെരുകുന്നതിനു ഇടയാക്കുന്നു. രാമനാട്ടുകര ടൗണിൽ പകൽസമയങ്ങളിൽപോലും സ്‌കൂൾ വിദ്യാർത്ഥികൾ നടക്കുന്നത് ഭീതിയോടെയാണ്ഉൾറോഡുകളിൽ സന്ധ്യമയങ്ങിയാൽ നടന്നുപോകുവാൻ ആളുകൾ ഭയക്കുകയാണ്. പലപ്പോഴും വാഹനങ്ങളിൽ യാത്രചെയ്യുന്നവരെയും നായ്ക്കൾ ആക്രമിക്കാറുണ്ട്. ഇരുചക്രവാഹനങ്ങളുടെ പുറകെ നായ്ക്കൾ ഓടുന്നതും അവ വാഹനങ്ങൾക്ക് മുമ്പിൽ ചാടുന്നതും പലപ്പോഴും അപകട ഭീഷണി ഉയർത്തുന്നുണ്ട്. തെരുവ് നായ ശല്യം രൂക്ഷമായിട്ടും അധികൃതർ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്നും 'റൈസ് ' കുറ്റപ്പെടുത്തി. ടൗണിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ ആരോഗ്യവിഭാഗത്തിന്റെ മേൽനോട്ടത്തിൽ പിടികൂടി സംരക്ഷണ കേന്ദ്രത്തിലെത്തിക്കണമെന്നാണ് റെസിഡൻ്റെസ് അസോസിയേഷൻ ഏകോപന സമിതിയുടെ ആവശ്യം.കൂടാതെ നായ്ക്കൾ പെറ്റുപെരുകുന്നതു തടയുന്നതിനായി വന്ധ്യംകരണവും നടത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു
Don't Miss
© all rights reserved and made with by pkv24live