Peruvayal News

Peruvayal News

കുട്ടിഹസ്സൻ കരുത്തനായിരുന്നു. എന്തിനും പോന്ന ചെറുപ്പക്കാരൻ......

നാട്ടിലെ മൺമറഞ്ഞ താരങ്ങൾ:
കുളങ്ങര കുട്ടിഹസ്സൻ

കുട്ടിഹസ്സൻ കരുത്തനായിരുന്നു. എന്തിനും പോന്ന ചെറുപ്പക്കാരൻ. മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും മുൻപന്തിയിൽ ഉണ്ടായിരുന്നു. ജീവിച്ചു കൊതി തീരാതെ മൺമറഞ്ഞ വ്യക്തിത്തം.
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിന്റെ മുന്നിലൂടെ ഒരു റോഡുണ്ട്. പണ്ട് കാലത്ത് ഇടുങ്ങിയ ഇടവഴി ആയിരുന്നു. വർഷകാലത്തു ചെളി ആയിരിക്കും. വേനലിൽ ഇലകൾ വീണു കിടക്കും. കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന ജനറൽ സെക്രട്ടറി എം മുഹമ്മദ് മദനിയുടെ യുവത്വ കാലത്ത്, കുട്ടിഹസ്സനും മദനിയുംപൊയിൽക്കര അഹമ്മദ് സാഹിബും മറ്റും ഈ ഇടവഴിയിലെ "ചമ്മൽ "അടിച്ചുവാരി വൃത്തിയാക്കുമായിരുന്നു. പണി കഴിഞ്ഞാൽ എല്ലാവരും ഒന്നിച്ചിരുന്ന് അവിലും വെള്ളം കുടിക്കും. കുട്ടിഹസ്സൻ സാഹിബിന്റെ വീടിനടുത്ത് ഒരു കുളമുണ്ട്. അതിനാലാണ് ഈ സ്ഥലത്തിന് കുളങ്ങര എന്ന പേര് വന്നത്. റോഡ് വികസിച്ചു, കുറച്ചങ്ങു പോയാൽ ഒരു പള്ളി കാണാം. പള്ളിതൊടിക മൊയ്‌തീൻ ഹാജി ആ പള്ളി പണിതുയർത്തിയപ്പോൾ ഇന്നാട്ടിലെ അധികമാളുകളും അതിൽ പങ്കു കൊണ്ടിരുന്നു. ഹാജി സാഹിബിന്റെ ആദർശക്കാരനല്ലാത്ത സഞ്ചാരി അബ്ദുറഹിമാൻ മാസ്റ്റർ പള്ളി നിർമാണത്തിൽ സഹകരിച്ചിരുന്നു. മദനിയുടെ വീട് കഴിഞ്ഞു പള്ളിയും കഴിഞ്ഞു മുന്നോട്ടു പോയാൽ സഞ്ചാരി ജങ്ഷൻ എത്തി.ഈ പ്രദേശം ഉൾക്കൊള്ളുന്നതാണ് കുളങ്ങര.
അഞ്ചുകണ്ടത്തിൽ കുളങ്ങര ആലി സാഹിബിന്റെയും തൊട്ടക്കുത്ത് ആയിശുമ്മയുടെയും മൂത്ത മകനായി കുട്ടിഹസ്സൻ ജനിച്ചു. ബീരാൻ സാഹിബും സിദ്ധീഖ് സാഹിബും സഹോദരങ്ങളാണ്. സഹോദരി കദിയുമ്മയെ വിവാഹം ചെയ്തത് എളമരം പട്ടത്തൊടിക മൂസഹാജിയാണ്. മറ്റൊരു സഹോദരിയായ പാത്തുമ്മയുടെ ഭർത്താവ്, അയൽവാസിയും നീലേശ്വരം ഹൈസ്കൂൾ അധ്യാപകനും ഖാദിമുൽ ഇസ്‌ലാം സംഘത്തിന്റെ വളരെ കാലത്തെ സെക്രട്ടറിയും പന്നിക്കോട് മുള്ളന്മടക്കൽ പള്ളിയിലെ ഖത്തീബുമായിരുന്ന പി സി മുഹമ്മദ് മദനിയായിരുന്നു. കുട്ടിഹസ്സൻ സാഹിബിന്റെ പിതാവ് 1976ൽ മരിച്ചു. മാതാവ് 2003ൽ ഈ ലോകത്തോട് വിടപറഞ്ഞു.
പുളിക്കൽ മദീനത്തുൽ ഉലൂം അറബിക്കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ എം മുഹമ്മദ് മദനിയും പി സി മുഹമ്മദ് മദനിയും, മദനിയോടൊപ്പം പള്ളി ദർസിൽ പഠിച്ചിരുന്ന എൻ കെ മുഹമ്മദ് മാസ്റ്ററും കുട്ടിഹസ്സന്റെ കൂടെ, അവരുടെ വീട്ടിലാണ് അധിക സമയവും വിനിയോഗിക്കുക.അത്യാവശ്യം ജീവിക്കാനുള്ള വക അവർക്കുണ്ടായിരുന്നു. നെല്ല്, തേങ്ങ, ചക്ക, അടക്ക ഇതൊക്കെ അന്നത്തെ ജീവിത ഉപാധികളായിരുന്നു.
നാട്ടിലെ കിണർ പണിയിലും കല്ല് കടത്താനും തെങ്ങിൻ തൈ വെക്കാനും കുട്ടിഹസ്സൻ മുൻപന്തിയിലുണ്ടാവുമായിരുന്ന.റഫീഖ് കൊടിയത്തൂരിന്റെ പിതാവ് പൊയിൽക്കര അഹമ്മദ് സാഹിബിന്റെ കിണർ പണിയെടുത്തത് മുഹമ്മദ് മദനി ഓർത്തെടുക്കുന്നു. ശക്തമായ പാറയിൽ മല്ലടിച്ചാണ് ആ കിണർ പണി പൂർത്തീകരിച്ചത്. കൂലിയായി പണമല്ല, ഭക്ഷണമാണ് അന്ന് വേണ്ടിയിരുന്നത്. വാട്ടപ്പൂളയും ചമ്മന്തിയും കഞ്ഞിയും ആവോളം തിന്നും.അടുത്തുള്ള മാവിൽ നിന്നും മാമ്പഴം കിണറ്റിലേക്ക് വീഴും. അതെടുത്തു പശിയടക്കും. നാട്ടിൽ വീടുണ്ടാക്കുന്ന പാവങ്ങളുടെ വീടിന്റെ തറയിൽ മണ്ണ് നിറച്ചിരുന്നത് കുട്ടിഹസ്സന്റെ നേതൃത്വത്തിൽ ഇന്നാട്ടിലെ ചെറുപ്പക്കാരായിരുന്നു. ഇവയെല്ലാം സേവന പാതയിലായിരുന്നു.
എം അബ്ദുറഹിമാൻ മദനി പുളിക്കൽ കോളേജിൽ നിന്നും, കെ സി സി മുഹമ്മദ് അൻസാരി വളവന്നൂർ അൻസാർ അറബിക്കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയപ്പോൾ എൻ കെ മുഹമ്മദ് മൗലവിയും പി സി ഹസ്സൻ മൗലവിയും പി അബ്ദുറഹീം മാസ്റ്റരും --എല്ലാവരും ചേർന്നപ്പോൾ ഇസ്‌ലാഹി കൊടിയത്തൂരിന്ന് പുത്തനുണർവേകി. എം അഹമ്മദ് കുട്ടി മദനി പിൽക്കാലത് ഈ കണ്ണിയിൽ ചേർന്നു.കുട്ടിഹസ്സൻ സാഹിബിന്റെ പറമ്പിൽ അന്ന് മദനിയുടെയും പി സി മദനിയുടെയും എൻ കെ യുടെയും ഇസ്‌ലാഹീ പ്രഭാഷണങ്ങൾ ഉണ്ടാകുമായിരുന്നു.  എൻ കെയുടെയും എൻ കെ അബ്ദുൽ ഗഫൂറിന്റെയും കോയാമു കാക്കയുടെയും പിതാവ് നാട്ടിക്കല്ലിങ്ങൽ മൊയ്‌തീൻ സാഹിബ്‌ നല്ലൊരു ഗായകനായിരുന്നു. വഅള് തുടങ്ങുന്നതിന്റെ മുമ്പ് സ്റ്റേജിൽ വെച്ച് അദ്ദേഹത്തിന്റെ ആലാപനമുണ്ടാകുമായിരുന്നു 
മങ്ങണ്ടത്തിൽ മുഹമ്മദ് മദനി, തൗഹീദീ ആദർശം പ്രചരിപ്പിക്കാൻ നാട്ടിൽ കിട്ടിയ അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തിയിരുന്നു. ജുമാ മസ്ജിദിൽ മദനി വഅള് പറയും. പലരും മുറുമുറുക്കും. ചിലർ എതിർക്കും. പലരും എതിർപ്പിനെ പ്രതിരോധിക്കും.
ഒരിക്കൽ "മങ്ങണ്ടൻ 'പ്രസംഗീക്കാനൊരുങ്ങി. ഒരു നാട്ടു കാരണവർ തടഞ്ഞു. മറ്റൊരു നാട്ടുകാരണവരായ മണക്കാടിയിൽ അദ്റുമാൻ കുട്ടി കാക്ക മദനിയെ അനുകൂലിച്ചു. മദനി ആവോളം പ്രസംഗിച്ചു.വല്ലാക്കൽ കോയാമു കാക്ക, ചാത്തപ്പറമ്പിൽ ഉസ്സൻകുട്ടി കാക്ക എന്നിവരായിരുന്നു മദനിയെ അനുകൂലിക്കുന്നവരുടെ മുൻ നിരയിൽ. അവരോടൊപ്പം യുവാക്കളായ കുട്ടിഹസ്സനും പൊയിൽക്കരയും ചേരും.തണ്ടും തടിയുമുള്ള കുട്ടിഹസ്സൻ മദനിയുടെ ഇഷ്ട തോഴനായിരുന്നു. തറമ്മൽ കുഞ്ഞി മൊയ്‌തീൻ മാസ്റ്ററെ പുളിക്കൽ കോളേജിൽ ചേർത്തത് മണക്കാടിയിൽ അർമാൻട്ടി കാക്കയായിരുന്നു.
കുട്ടിഹസ്സൻ മരപ്പണിക്ക് കൂപ്പുകളിൽ പോവാറുണ്ടായിരുന്നു.
കുട്ടിഹസ്സൻ രണ്ടു പേരെ വിവാഹം ചെയ്തിരുന്നു. ആദ്യ വിവാഹം തിരുവമ്പാടി ഫാത്തിമ എസ്റ്റേറ്റിലെ സൈനബയുമായിട്ടായിരുന്നു. അത് വേർപിരിഞ്ഞപ്പോൾ മുക്കം മുരിങ്ങമ്പുറായിലെ മർയമിനെ വിവാഹം ചെയ്തു. പിന്നീട് അദ്ദേഹം അർബുദ രോഗബാധിതനായി തീരുകയാണ് ചെയ്തത്.1969 ൽ ആ ധീര മുജാഹിദ് വിടപറഞ്ഞു.
നാട്ടിൽ നടമാടിയിരുന്ന ദുരാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ ധീരമായി പോരാടിയിരുന്ന ഈ ചെറുപ്പക്കാരന്റെ ജീവിതം മറ്റുള്ളവർക്ക് എന്നും മാതൃകയാണ്.
സ്രഷ്ടാവ് അദ്ദേഹത്തിന് തക്ക പ്രതിഫലം നൽകട്ടെ, പ്രാർത്ഥനയോടെ.
9605848833
18/06/2022
             എ ആർ കൊടിയത്തൂർ
Don't Miss
© all rights reserved and made with by pkv24live