Peruvayal News

Peruvayal News

ബഷീർ സ്‌ക്വയർ യാഥാർഥ്യമാകുമ്പോൾ...

                  ബഷീർ സ്‌ക്വയർ യാഥാർഥ്യമാകുമ്പോൾ
ചേന്നമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മക്കായി നാഷണൽ സർവീസ് സ്കീം ബഷീർ സ്‌ക്വയർ ഒരുക്കിയിരിക്കുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.


ചേന്നമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മക്കായി നാഷണൽ സർവീസ് സ്കീം ബഷീർ സ്‌ക്വയർ ഒരുക്കിയിരിക്കുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.
സന്തോഷത്തിന്റെ ഒരു കാരണം ഞാൻ എട്ടു മുതൽ പത്തു വരെ അധ്യയനം നടത്തിയ ഒരു വിദ്യാലയമാണ് ചേന്നമംഗല്ലൂർ സ്കൂൾ എന്നതിനാലാണ്. അന്നത്തെ ഹെഡ് മാസ്റ്റർ മാഞ്ഞു മാസ്റ്ററുടെയും മലയാളം പണ്ഡിറ്റ് പരമേശ്വരൻ സാറിന്റെയും അറബി ഉസ്താദ് കെ ടി മുഹമ്മദ് മൗലവിയുടെയും കരീം മാഷിന്റെയും അബ്ദുറഹ്മാൻ സാറിന്റെയും ഉണ്ണിമോയി മാഷിന്റെയും വി സി യുടെയും എം സി മാമു സാറിന്റെയും മുഖം ഇന്നും മനസ്സിൽ തിളക്കത്തോടെ നിൽക്കുന്നു. 

പേര് പറയാത്ത അധ്യാപകരും എന്റെ വിദ്യാലയത്തിലെ ഘടാ ഘടിയന്മാരായിരുന്നു.
നാഷണൽ സർവീസ് സ്കീം ആണ് ബഷീർ സ്‌ക്വയർ ഒരുക്കുന്നത് എന്നു കേട്ടപ്പോൾ സന്തോഷം പതിന്മടങ്ങായി. ഞാൻ കുട്ടിക്കാട്ടൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപകനായിരിക്കെ മൂന്നു വർഷം NSS പ്രോഗ്രാം ഓഫീസറായി സേവനം ചെയ്തിട്ടുണ്ട്. അന്ന് എന്നോടൊപ്പം നൂറ് കർമ ഭടന്മാർ ഉണ്ടായിരുന്നു. സാമൂഹ്യ സേവന ആതുര മേഖലകളിലും മറ്റും നിരവധി മികച്ച പ്രവർത്തനങ്ങൾ നടത്താൻ എന്റെ മക്കൾക്ക് കഴിഞ്ഞിരുന്നു. പെരിങ്ങോളം ഹയർ സെക്കന്ററിയിൽ എത്തിയപ്പോഴും എൻ എസ് എസ്സിനെ ഞാൻ ആത്മാർഥമായി സ്നേഹിച്ചിരുന്നു. ആ സ്നേഹം എന്നെന്നും ഞാൻ നിലനിർത്തും.
ബഷീറിന്റെ മകൾ ഷാഹിന ബഷീർ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് ചേന്നമംഗല്ലൂരിൽ ആയിരുന്നു എന്നത് പുതിയ അറിവാണ്. സ്‌ക്വയറിന്റെ ഉൽഘാടനം നിർവഹിക്കുന്നത് ബഷീറിന്റെ പുന്നാര മോൾ ഷാഹിന ബഷീർ ആണ് എന്നറിയുന്നതിൽ ഹൃദയാന്തരാളത്തിൽ സൗരഭ്യം വിടർത്തുന്നു. ഷാഹിന ബഷീറിനെ എന്റെ സ്വന്തം സഹോദരിയെ പോലെയാണ് ഞാൻ കാണുന്നത്. കോഴിക്കോട് കറന്റ്‌ ബുക്സിൽ ചെല്ലുമ്പോൾ നിറ പുഞ്ചിരിയുമായി അവിടെയുണ്ടാകുന്ന ഷാഹിന മാഡം ഹൃദ്യമായാണ് സ്വീകരിക്കാറ്. ഇടക്കിടക്ക് മെസ്സേജ് അയക്കും, വിളിക്കും. അവരെ ഞാൻ സ്നേഹിക്കുന്നത് ബഷീറിന്റെ മകൾ എന്ന ഒറ്റ കാരണത്താലാണ്.
ബഷീറിന്റെ സ്വന്തം മരമായിരുന്നു മാങ്കോസ്റ്റീൻ. മാങ്കോ സ്റ്റിനും ചാമ്പ മരങ്ങളും സ്‌ക്വയറിൽ ഒരുക്കിയിരിക്കുന്നു. ജീവിതം പഠിപ്പിച്ച പാഠങ്ങളും അനുഭവങ്ങളും മാങ്കോസ്റ്റിനു ചുവട്ടിലിരുന്ന് കടലാസിലേക്ക് പകർത്തിയപ്പോൾ ബഷീർ ഇമ്മിണി ബല്ല്യ ആളായി. ജീവിത സാഹചര്യങ്ങളിൽ ഒട്ടേറെ ജോലികളെടുത്തു മുന്നേറിയപ്പോൾ, അവയെല്ലാം ബഷീറിനെ വിശ്വ സാഹിത്യകാരനാക്കുകയായിരുന്നു
ബേപ്പൂരിലെ സുൽത്താന്റെ കൊട്ടാരത്തിനു ചുറ്റുമുള്ള മരങ്ങൾക്കും ജീവികൾക്കും ഒത്തിരി കഥകൾ പറയാനുണ്ടാവും. ഫാബി ബഷീറും അനീസും ഷാഹിനയുമെല്ലാം ബഷീറിയൻ സാഹിത്യങ്ങൾക്ക് മുതൽ കൂട്ടായിട്ടുണ്ട്. തിരക്കിനിടയിലും റ്റാറ്റ അവർക്ക് സ്നേഹനിധി ആയിരുന്നു.
സ്‌ക്വയറിന്റെ ചുമരിൽ മനോഹരമായ ബഷീറിന്റെ ചിത്രവും കഥാപാത്രങ്ങളുടെ ചിത്രങ്ങളും വരച്ചിരിക്കുന്നത് പ്രദേശത്തെ ചിത്രകാരന്മാരായ പ്രണവം ബാബുവും വിനു കൈപ്പടയുമാണ്. അവിടെ സ്ഥാപിച്ചിരിക്കുന്ന ഫലകത്തിലെ ബഷീറിന്റെ ചിത്രം വരച്ചിരിക്കുന്നത് എന്റെ സ്നേഹിതൻ ഡോ വി അബ്ദുൽ ജലീൽ ആണ്. ഹയർ സെക്കന്ററിയിൽ അറബി അധ്യാപകനായിരുന്ന എനിക്ക് ചേന്നമംഗല്ലൂർ ഹയർ സെക്കണ്ടറീയിലെ അറബി അധ്യാപകരായ ഫൈസൽ സാറിനെയും ജലീൽ സാറിനെയും നന്നായറിയാം.
അഞ്ചാം തിയ്യതി ബഷീർ ചരമ ദിനത്തിൽ അദ്ദേഹത്തെ ഓർക്കുമ്പോൾ നമുക്ക് ബഷീർ കൃതികളിലൂടെ സഞ്ചരിക്കാം. ബഷീറിനെ പൂർണമായി വായിക്കുമ്പോൾ നമ്മിൽ ഒരുപാട് മൂല്യങ്ങൾ സന്നിവേശിക്കപ്പെടും. അന്ന് നാട്ടിൽ നടമാടിയിരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ദുരാചാരങ്ങൾക്കും എതിരെ ബഷീർ തൂലികയിലൂടെ പട നയിച്ചിരുന്നു. വായിക്കുക, നിരന്തര വായനയിലൂടെ സായൂജ്യമടയാം.
Don't Miss
© all rights reserved and made with by pkv24live