ചെന്നിപ്പറമ്പല്ല... ചെരിഞ്ഞപറമ്പാണ്.
സൗത്ത് കൊടിയത്തൂർ കുളങ്ങര നിന്നും ചുള്ളിക്കാപറമ്പ് കണ്ടങ്ങൽ ഭാഗത്തേക്കുള്ള റോഡ് പരിചയപ്പെടുത്തുമ്പോൾ പലരും ചെന്നിപ്പറമ്പ് റോഡ് എന്നാണ് പറയുന്നത്. ഗ്രാമ പഞ്ചായത്ത് രേഖകളിലും അങ്ങനെയാണുള്ളത് എന്നാണറിവ്.സംസാരത്തിൽ ലോപ സന്ധി വല്ലാതെ ഉപയോഗിക്കാറുണ്ടായിരുന്ന കൊടിയത്തൂർക്കാർ ഇതും അങ്ങനെ പ്രയോഗവൽക്കരിച്ചതായിരിക്കും. വെള്ളച്ചായ വെള്ളായ ആയി, ഓലക്കൊടി ഓലോടി ആയി, ഇങ്ങനെ പല വാക്കുകളും നാം എളുപ്പമാക്കിയിട്ടുണ്ട്. എം എ അബ്ദുറഹിമാൻ മാസ്റ്റർ എസ് കെ എ യു പി സ്കൂളിൽ ഞങ്ങളെ പഠിപ്പിച്ചിരുന്നപ്പോൾ ക്ലാസ്സിലെ കുറച്ചു സമയം സംസ്കാരം പഠിപ്പിക്കാൻ മാറ്റി വെക്കുമായിരുന്ന. വൃത്തിയും വെടിപ്പും വേണമെന്ന് പറയുന്ന കൂട്ടത്തിൽ അദ്ദേഹം ഇത്തരം ലോപ സന്ധി വാക്കുകളെ വിമർശിച്ചിരുന്നു. അവസാനം ഞങ്ങൾ മാഷിന്ന് വൃത്തിമാഷ് എന്നു പേരിട്ടു.
ചെരിഞ്ഞപ്പറമ്പ് എന്നാണ് ആധാരത്തിൽ ഈ പറമ്പുകൾക്കുള്ള പേര്. അത് ആ പഴമയിലേക്ക് തന്നെ തിരിച്ചു കൊണ്ട് വന്നുകൂടെ.
ഈ ഭാഗത്ത് ധാരാളം പ്രമുഖർ താമസിക്കുന്നുണ്ട്. കേരള മുസ്‌ലിം മാനേജ്‍മെന്റ് സംസ്ഥാന സെക്രട്ടറി ഇ യഅകൂബ് ഫൈസി നേതൃത്വം നൽകുന്ന ഫേസ് ക്യാമ്പസ് ഈ കുന്നിൻ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. വർഷങ്ങളായി ഒരു ചിക്കൻ ഫാം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ധാരാളം SC വിഭാഗം വീട്ടുകാർ ഈ അയ്യപ്പൻ കുന്നിൽ താമസിക്കുന്നുണ്ട്. അവർക്കായി ഒരു കുടിവെള്ള പദ്ധതി ഗ്രാമ പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. ഏബിൾ ഗ്രൂപ്പുകാർ കുറച്ചാളുകൾക്ക് വീട് വെക്കാൻ സ്ഥലം ഹദ് യയായി നൽകിയിട്ടുണ്ട്.ഞങ്ങളുടെ വലിയുപ്പമാരായ പള്ളിത്തൊടിക അബ്ദുറഹിമാൻ മുസ്‌ലിയാരുടെയും മുഹമ്മദ് മുസ്‌ലിയാരുടെയും കൈവശത്തിലുള്ള ഭൂമിയായിരുന്നു ഫേസ് ക്യാമ്പസിന്ന് അടുത്തുണ്ടായിരുന്നത്. അന്ന് വലിയുപ്പമാർ കാലികളെ കൊണ്ട് പോവാൻ വേണ്ടി പറമ്പിന്ന് പുറത്ത് കുറേ സ്ഥലം ഒഴിവാക്കി ഇട്ടിരുന്നു. ആ സ്ഥലം ഉപയോഗപ്പെടുത്തിയാണ് പള്ളിതൊടിക അബൂബക്കർ സാഹിബിന്റെയും വേലായുധേട്ടന്റെയും നേതൃത്വത്തിൽ പന്ത്രണ്ട് അടിയിൽ റോഡ് നിർമിച്ചിരുന്നത്.
ഈ റോഡിന്റെ പല ഭാഗങ്ങളും ഇപ്പോൾ വെള്ളത്തിലാണ്.കോഴിക്കോട് ഊട്ടി റോഡിന്ന് സമാനമായി ഈ റോഡ് ഉയർത്താൻ ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് വൈത്തല അബൂബക്കർ സാഹിബിന്റെ നേതൃത്വത്തിലുള്ള ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.