കട്ടാങ്ങൽ:ജില്ലാ ഭരണകൂടത്തിന്റെയും,നശാ മുക്ത് ഭാരത് അഭിയാന്റെയും ലഹരി വിരുദ്ധ അവബോധന പരിപാടിയായ’പുതുലഹരിയിലേക്ക്’പദ്ധതിയുടെ ഭാഗമായുള്ള ബാലറ്റ് ഓൺ വീൽസ് ദീപശിഖാ പ്രയാണത്തിന്റെ എട്ടാം ദിന പര്യടനത്തിന് ചാത്തമംഗലം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ചാത്തമംഗലം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് സ്വീകരണം നൽകി.
പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ദീപശിഖ ഏറ്റുവാങ്ങി. വൈസ് പ്രസിഡണ്ട് സുഷമ ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. വി. പി. എ സിദ്ദീഖ്, വാർഡ് മെമ്പർമാരായ അബ്ദുറഹ്മാൻകുട്ടി, അജീഷ്, ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ ആനന്ദ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് പുതുലഹരിയിലേക്ക് എന്ന വോട്ടിംഗിൽ എല്ലാവരും പങ്കെടുക്കുകയും നശ മുക്ത് ഭാരത് അഭിയാന്റെ മാസ്റ്റർ വളണ്ടിയറായ ഉണ്ണികൃഷ്ണൻ എം എം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും സ്കൂൾ പി ടി എ പ്രസിഡന്റ് പ്രജീഷ് പ്രസ്തുത പരിപാടിക്ക് നന്ദി പറയുകയും ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും പി.ടി.എ അംഗങ്ങളും സംബന്ധിച്ചു.
മിനി എക്സിബിഷനും വീഡിയോ പ്രദർശനത്തിനുള്ള സജ്ജീകരണങ്ങളുമുള്ള വാഹനത്തിലാണ് ദീപശിഖാ പ്രയാണം നടത്തുന്നത്. 'പുതുലഹരിക്ക് ഒരു വോട്ട്’ എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന വോട്ടെടുപ്പിന്റെ സഞ്ചരിക്കുന്ന പതിപ്പും വാഹനത്തിൽ ക്രമീകരിച്ചിട്ടുണ്ട്. ലഹരി സംബന്ധിച്ച ക്വിസും, നശാ മുക്ത് ഭാരത് അഭിയാൻ തയ്യാറാക്കിയ പ്രതിജ്ഞ എടുക്കുന്നതിനുള്ള ക്യു.ആർ.കോഡുകളും വാഹനത്തിലുണ്ട്. ഇതിൽ പങ്കെടുക്കുന്നവർക്ക് ഓൺലൈൻ സർട്ടിഫിക്കറ്റുകൾ സ്വന്തമാക്കുന്നതിനും സംവിധാനമേർപ്പെടുത്തിയിട്ടുണ്ട്. നീരജ് കോവൂർ,ഫഹീം മാങ്കാവ്,അർജുൻ നല്ലട്ടിൽ,ശാരിക ചേളന്നൂർ,ലാസ്യ ചെങ്ങോട്ട് കാവ് എന്നിവരുടെ നേതൃത്വത്തിലാണ് ദീപശിഖാ യാത്ര ചാത്തമംഗലത്തെത്തിയത്.