Peruvayal News

Peruvayal News

യു അബ്ദുല്ല ഫാറൂഖിക്ക് അർഹതക്കുള്ള അംഗീകാരം.....

പന്നിക്കോട്ട് എന്റെ പിതാവ് പള്ളിതൊടിക അബൂബക്കർ സാഹിബിന്നും അനുജൻ പി സി അബ്ദുല്ല സാഹിബിന്നും കച്ചവടം ഉണ്ടായിരുന്നു.ഞങ്ങൾ ഇടക്കിടക്ക് പീടികയിൽ പോകുമായിരുന്നു. ആഴ്ചയിൽ ഒരിക്കൽ പന്നിക്കോട്ടേക്ക് പോകൽ നിർബന്ധമാണ്. വീട്ടിലേക്കുള്ള സാധനങ്ങളുമായി ഞങ്ങൾ സൗത്ത് കൊടിയത്തൂരിലേക്ക് നടക്കും. മിട്ടായി കിട്ടുന്നത് കൊണ്ട് ഞങ്ങൾക്ക് പീടികയിൽ പോകാൻ ആവേശമായിരുന്നു. ചിലപ്പോൾ പരപ്പിൽ ഉപ്പേരേട്ടന്റെ ചായക്കടയിൽ നിന്നും ചായയും കടിയും കിട്ടും

അന്നാട്ടിലെ പൗര പ്രമുഖരായ എ സി മൊയ്‌തീനാക്ക , പരപ്പിൽ മമ്മദാക്ക, എ സി ബീരാനാക്ക, കുഞ്ഞുട്ടി കാക്ക,യു കെ സി മുഹമ്മദ് സാഹിബ്‌ തുടങ്ങിയവരൊക്കെ ഞങ്ങളുടെ പിതാക്കളുടെ സ്നേഹിതന്മാരായിരുന്നു. അവർക്ക് മറ്റൊരാളോട് അങ്ങേയറ്റം പ്രിയമായിരുന്നു. നമസ്കാര സമയം പള്ളിയിലെത്തിയാൽ സുസ്‌മേര വദനനായി ഒരാൾ നിൽപുണ്ടാവും --അദ്ദേഹമാണ് ഉച്ചക്കാവിൽ മുഹമ്മദ് ഹാജി. കണ്ടാൽ എല്ലാ വിശേഷങ്ങളും ചോദിക്കും.
രണ്ടു മക്കൾ ഫാറൂഖ് റൗദത്തുൽ ഉലൂം അറബിക്കോളേജിൽ പഠിച്ചു ഫാറൂഖികളായി. യു അബ്ദുറഹ്മാൻ ഫാറൂഖി കോളേജ് ലക്ചറർ ആയിരിക്കെ മരണപ്പെട്ടു. സഹോദരന്മാരും സഹോദരിയും കർമ നിരതരാണ്.
അബ്ദുല്ല ഫാറൂഖി വിദേശത്ത് ഉന്നത നിലയിൽ എത്തി. ഇന്ത്യൻ ഇസ്‌ലാഹി സ്കൂൾ സ്ഥാപിച്ചു യു എ ഇ യിൽ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചു. മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിലുള്ള കെ എം സി സി യുടെ പ്രവർത്തന പുരോഗതിയിൽ ഗണ്യമായ പങ്കു വഹിച്ചു. അറേബ്യൻ ഗൾഫിലെ മത സാംസ്‌കാരിക സാമൂഹ്യ വിദ്യാഭ്യാസ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചു. അപ്പോഴേക്കും പല പ്രമുഖരുമായും സുദൃഢ ബന്ധം സ്ഥാപിച്ചു. സാമൂഹ്യ ക്ഷേമ പ്രവർത്തന രംഗത്ത് തന്റെതായ അടയാളപ്പെടുത്തലുകൾ നടത്തി.
ഈ സമയത്തൊന്നും ഫാറൂഖി സ്വന്തം നാട്ടിലെ സേവന പ്രവർത്തനങ്ങൾ മറന്നില്ല.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ഒരത്താണി സ്ഥാപിച്ചു. ലൗവ് ഷോർ സ്പെഷ്യൽ സ്കൂൾ ഇത്തരം വിദ്യാർത്ഥികൾക്ക് ആശ്വാസമാണ്. എന്റെ അനുജന്ന് വയസ്സ് ഇത്തിരി ആയെങ്കിലും ഇപ്പോഴും ലൗഷോറിൽ ആവേശത്തോടെ പോകുന്നുണ്ട്.ഫാറൂഖിയുടെ അനുജൻ യു എ മുനീർ സാഹിബാണ് ലൗവ് ഷോർ സ്കൂളിന്റെ മേൽനോട്ടക്കാരൻ.
ഫാറൂഖിക്ക്‌ വലിയൊരു അംഗീകാരം ഇപ്പോൾ ലഭിച്ചിരിക്കുന്നു. പൊതു പ്രവർത്തന രംഗത്തെ സമഗ്ര സംഭാവനക്ക് ചെറുവാടി ശിഹാബ് തങ്ങൾ കൾച്ചറൽ സെന്റർ നൽകുന്ന ഈ വർഷത്തെ ഹരിത രത്‌ന പുരസ്കാരത്തിന്നാണ് അദ്ദേഹം അർഹനായത്. സേവന രംഗത്ത് നാല് പതിറ്റാണ്ടായി നിറ സാന്നിധ്യമായ ഫാറൂഖി പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിൽ ഫലവത്തായ ഇടപെടലുകൾ നടത്തുന്നു.വിദേശത്തും നാട്ടിലുമായി ഫാറൂഖി ചെയ്ത സേവന പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് അവാർഡ് ജ്യൂറി വിലയിരുത്തി.
വിദേശത്ത് പല പദവികളും അലങ്കരിച്ച ഫാറൂഖി ഇപ്പോൾ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ എ എഫ് ഇന്റർനാഷണൽ ചെയർമാൻ, യു എ ഇ, കെ എം സി സി വർക്കിംഗ്‌ പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങളിൽ തുടരുന്നു. മേലിലും സാമൂഹിക സേവന രംഗത്ത് നിരതനാവാനാണ് ഫാറൂഖി താല്പര്യപ്പെടുന്നത്.
              എ ആർ കൊടിയത്തൂർ
Don't Miss
© all rights reserved and made with by pkv24live