അഴിഞ്ഞിലത്ത് ബോക്സ് കൾവർട്ട് നിർമാണം തുടങ്ങി
രാമനാട്ടുകര:
ബൈപ്പാസ് ആറുവരി പാത നിർമാണംനടക്കുന്ന അഴിഞ്ഞിലം ചാലിയിൽ ബോക്സ് കൾവർട്ട് നിർമാണം തുടങ്ങി. ബൈപ്പാസ് അഴിഞ്ഞിലം ജങ്‌ഷനും ഭാരത്ബെൻസ് ഷോറൂമിനും ഇടയിലുള്ള ചതുപ്പുപ്രദേശത്താണ് രണ്ടു ബോക്സ് കൾവർട്ട് നിർമിക്കുന്നത്. ചാലിയാർ കരകവിഞ്ഞു വെള്ളപ്പൊക്കം ഉണ്ടാകുന്ന സ്ഥലമാണിത്. ഇത് മുൻകൂട്ടി മനസ്സിലാക്കിയാണ് ഇവിടെ ബൈപ്പാസിന്റെ ഒന്നാംഘട്ടം നിർമാണത്തിൽ രണ്ട് ബോക്സ് കൾവർട്ടുകൾ നിർമിച്ചത്. മൂന്നുമീറ്റർ വീതിയിലും രണ്ടരമീറ്റർ ഉയരത്തിലുമാണ് ബോക്സ് കൾവർട്ട് നിർമിക്കുന്നത്. ഒന്നാംഘട്ടത്തിൽ നിർമിച്ചതിനു തുടർച്ചയായിട്ടാണ് പുതിയവ നിർമിക്കുന്നത്. 2000-ത്തിൽ ബൈപ്പാസിന്റെ ഒന്നാംഘട്ടത്തിൽ ചതുപ്പുനിലമായ അഴിഞ്ഞിലം ചാലിയിൽ പൈലിങ് നടത്തിയാണ് റോഡ് നിർമിച്ചത്. ഒന്നാംഘട്ടത്തിൽ നിർമിച്ച പൈപ്പ് കൾവർട്ടിലൂടെ വെള്ളം ശരിയായി ഒഴുകിപ്പോവാറില്ല. ബൈപ്പാസിന്റെ അഴിഞ്ഞിലം ചാലി ഭാഗത്തുള്ള മൂന്നു പൈപ്പ് കൾവർട്ടും ബോക്സ് കൾവർട്ടാക്കി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.