Peruvayal News

Peruvayal News

റോഡ് റോളറിനെ സുന്ദരിയാക്കി ശ്രദ്ധനേടി പൊതുമരാമത്ത് ഓഫീസ്

റോഡ് റോളറിനെ സുന്ദരിയാക്കി 
ശ്രദ്ധനേടി പൊതുമരാമത്ത് ഓഫീസ് 

നാല് പതിറ്റാണ്ട് പഴക്കമുള്ള റോഡ് റോളറിനെ പെയിൻ്റ് ചെയ്ത് പുതുക്കിയെടുത്ത് പൊതുമരാമത്ത് ഉദ്യോഗസ്ഥർ. കുന്നമംഗലം മണ്ഡലത്തിലെ കാരന്തൂരിൽ പ്രവർത്തിക്കുന്ന പി.ഡബ്ല്യു.ഡി റോഡ് വിഭാഗം സെക്ഷൻ ഓഫീസിലാണ് നാൽപ്പത് വർഷത്തെ ചരിത്രമുള്ള റോഡ് റോളർ ശ്രദ്ധനേടുന്നത്. അസിസ്റ്റൻ്റ് എൻജിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് തുരുമ്പും പൊടിയും നീക്കി നിറം കൊടുത്ത് റോഡ് റോളറിനെ മിനുക്കിയെടുത്തത്. 

1982 ൽ ഫറോക്കിലെ ബിൽഡിംഗ്സ് & റോഡ്സ് സെക്ഷന് വേണ്ടിയായിരുന്നു ഈ റോഡ് റോളർ സർക്കാർ വാങ്ങിയത്. 1987 മുതൽ കുന്നമംഗലം സെക്ഷൻ്റെ പ്രവൃത്തികൾക്കായി ഉപയോഗിക്കാൻ തുടങ്ങിയ റോഡ് റോളർ ഡ്രൈവറായിരുന്ന പി ദാസൻ 2015 ൽ വിരമിക്കുന്നത് വരെ പ്രവർത്തന ക്ഷമമായിരുന്നു. പിന്നീടാണ് ബ്രിട്ടാനിക്ക കമ്പനി നിർമ്മിച്ച ഈ റോഡ് റോളർ കട്ടപ്പുറത്തായത്. 

പൊതുമരാമത്ത് ഓഫീസ് പൊതുജന സൗഹൃദമാക്കുന്നതിനു വേണ്ടി കാട് വെട്ടി വൃത്തിയാക്കുകയും സൗന്ദര്യവൽക്കരിക്കുകയും ചെയ്യുന്നതിൻ്റെ ഭാഗമായാണ് പിന്നാമ്പുറത്ത് തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരുന്ന റോഡ് റോളർ ആകർഷകമായി സംവിധാനിച്ചത്. ഇതിന് വേണ്ടിവന്ന ചെലവ് ഉദ്യോഗസ്ഥർ പങ്കിട്ടെടുക്കുകയായിരുന്നു. 

ജോലി ചെയ്യുന്ന അന്തരീക്ഷം മാതൃകാപരമായ രീതിയിൽ ആകർഷകമാക്കിയ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ പി.ടി.എ റഹീം എം.എൽ.എ നേരിട്ടെത്തി അഭിനന്ദിച്ചു. അസി. എൻജിനീയർ സി.ടി പ്രസാദ്, ഓവർസിയർമാരായ അമൃത വിജയൻ, എ.ജി ജിനീഷ്, കെ.പി പ്രവീൺ, വി ദീപ്തി, വിരമിച്ച ഡ്രൈവർ പി ദാസൻ, ജീവനക്കാരായ വി ഇസ്മയിൽ, പി രാജൻ, എം.എസ് സരിക തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't Miss
© all rights reserved and made with by pkv24live