പെരുവയൽ:
സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ളവരുടെ ടീമുകളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമെൻറ് ശ്രദ്ധേയമായി.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേളയോട് അനുബന്ധിച്ചാണ് പുതുമയാർന്ന ഫുട്ബോൾ സംഘടിപ്പിച്ചത്. ടൂർണമെന്റിൽ ഏഴ് ടീമുകൾ അണിനിരന്നു. മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ മാവൂർ പ്രസ് ഫോറം, അധ്യാപകർ, വ്യാപാരികൾ, ആരോഗ്യവകുപ്പ് ജീവനക്കാർ, എക്സൈസ്, കെ.എസ്.ഇ.ബി, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ എന്നീ ഏഴു ടീമുകളാണ് വാശിയേറിയ ടൂർണമെന്റിൽ പെരുവയൽ ടർഫ് ഗ്രൗണ്ടിൽ പോരാട്ടത്തിന് ഇറങ്ങിയത്.
വ്യാപാരികളുടെയും അധ്യാപകരുടെയും ടീമുകൾ ഫൈനലിൽ പ്രവേശിച്ചു. ഫൈനൽ പിന്നീട് നടക്കും. ടൂർണമെന്റിന്റെ ഉദ്ഘാടനം പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സുഹറാബി പന്ത് തട്ടി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബിത തോട്ടാഞ്ചേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. അബൂബക്കർ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ പി.കെ. ഷറഫുദ്ദീൻ, സീമ ഹരീഷ്, മെമ്പർമാരായ ഉനൈസ് അരീക്കൽ, എം. പ്രസീദ്കുമാർ എന്നിവർ സംസാരിച്ചു.