മന്ത്രി ആർ ബിന്ദു മറ്റുള്ളവർക്ക് മാതൃക...
എ ആർ കൊടിയത്തൂർ
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ,സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആർ ബിന്ദു കയ്യിലെ സ്വർണ്ണ വള ഊരി, ഒരു ചെറുപ്പക്കാരന്റെ ചികിത്സാ ഫണ്ടിലേക്ക് ഏൽപ്പിച്ചത് ലോകർക്ക് മാതൃകയായി.
കരുവന്നൂർ മൂർക്കനാട് വന്നേരിപറമ്പിൽ വിവേക് എന്ന ചെറുപ്പക്കാരന്റെ ദയനീയത മനസ്സിലാക്കിയ മന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
മൂർക്കനാട് വായനശാലയിൽ വെച്ചാണ് ഈ പരിപാടി സഘടിപ്പിച്ചത് എന്നറിയുമ്പോൾ അതിയായ സന്തോഷമുണ്ട്.ലൈബ്രറികൾ നാടുകളിലെ സാംസ്‌കാരിക കേന്ദ്രങ്ങളാണ്.
തൃശൂർ മുൻസിപ്പൽ കോർപറേഷന്റെ മുൻ മേയറായ മന്ത്രി ആർ ബിന്ദു ശ്രീ കേരളവർമ്മ കോളേജിൽ ഇംഗ്ലീഷ് പ്രൊഫസർ കൂടിയാണ്.കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ നേതാവായ എ വിജയരാഘവന്റെ ഭാര്യയാണ്.ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തിൽ നിന്നാണ് അവർ നിയമസഭയിലെത്തിയത്.
ഈ വാർത്ത വായിച്ചപ്പോൾ മുമ്പുള്ള സംഭവം, പറയുന്നത് കേട്ടത് ഓർമ വന്നു.
ഞങ്ങളുടെ വലിയുപ്പമാരിൽ ഒരാളായ പള്ളിത്തൊടിക മൊയ്‌തീൻ ഹാജി (മുസ്‌ലിയാർ )മത പ്രഭാഷണം നടത്തുന്ന ആളായിരുന്നു. എന്തെങ്കിലും നല്ല കാര്യങ്ങൾ നടപ്പാക്കാൻ വേണ്ടി അദ്ദേഹം പ്രഭാഷണം നടത്തുമ്പോൾ, അത് കേട്ടു നിൽക്കുന്ന സ്ത്രീകൾ അവരുടെ ആഭരണങ്ങൾ ഊരി സംഭാവന നൽകുമായിരുന്നു.
നമുക്കിടയിൽ പ്രയാസം അനുഭവിക്കുന്നവർ ധാരാളമുണ്ട്. ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാത്തവർ, ചോർന്നൊലിക്കുന്ന വീടുകളിൽ അന്തിയുറങ്ങുന്നവർ, ഉടുവസ്ത്രമില്ലാത്തവർ, രോഗം കൊണ്ട് കഷ്ടപ്പെടുന്നവർ.--ഇവരെയൊക്കെ കണ്ടില്ലെന്ന് നടിക്കാൻ നമുക്കവുമോ, ദുരിതം അനുഭവിക്കുന്നവരെ തിരിച്ചറിഞ്ഞു പ്രതികരിക്കാൻ നമുക്ക് കഴിയണം.
രോഗികൾക്ക് ആശ്വാസമായി പ്രവർത്തിക്കുന്ന പെയിൻ ആന്റ് പാലിയേറ്റീവ് സെന്ററുകൾ, അവയുടെ ദൗത്യം നിർവഹിക്കുന്നുണ്ട്. കൊടിയത്തൂർ പെയിൻ ആന്റ് പാലിയേറ്റീവ് സെന്റർ ഇക്കാര്യത്തിൽ മാതൃകാ പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ട്.
നന്മയുടെ പാതയിൽ നമുക്കൊത്തൊരുമിക്കാം.