കുറ്റിക്കാട്ടൂര്‍: മെഡിക്കല്‍ കോളേജ്-മാവൂര്‍ റോഡിലെ കുറ്റിക്കാട്ടൂര്‍ അങ്ങാടിയില്‍ ഉണ്ടാവുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനുള്ള പരിഹാര പദ്ധതിക്ക് അന്തിമരൂപമായി. കുറ്റിക്കാട്ടൂര്‍ അങ്ങാടി നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വര്‍ഷത്തെ ബജറ്റില്‍ പാസായ ഒരു കോടിയുടെ പദ്ധതിക്കാണ് അന്തിമ രൂപരേഖയായത്.
തിരക്കൊഴിയാനായി അങ്ങാടിയില്‍ വരുത്താവുന്ന ഗതാഗത മാറ്റം നവീകരണവും സംബന്ധിച്ചു വാര്‍ഡ് വികസന കമ്മിറ്റി തയാറാക്കിയ രൂപരേഖക്ക് അനുസൃതമായ മാറ്റമാണ് വരുത്തുന്നത്. വിശദപരിശോധനക്കായി സര്‍വ്വകക്ഷിയുടെ സാന്നിധ്യത്തില്‍ സ്ഥലത്തെത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ രൂപരേഖ വിലയിരുത്തി.
പ്രവൃത്തിയുടെ ഭാഗമായി പ്രധാനമായും രണ്ട് ജംഗഷനുകളുടെ വിപുലീകരണവും നാല് ബസ്ബേയുടെയും രണ്ട് ഓട്ടോ ബേയുടേയും നിര്‍മാണവുമാണ് നടക്കുക. കൂടാതെ കിഴക്ക് പെരിങ്ങൊളം റോഡിന് സമീപമായി 200 മീറ്റര്‍ നീളത്തില്‍ പുതിയ ഫുട്പാത്തോടുകൂടിയ പുതിയ ഡ്രൈനേജ് നിര്‍മാനവും നടക്കും. അങ്ങാടി ഭംഗിയാക്കുന്നതിന്റെ ഭാഗമായ ഇന്റെര്‍ലോക്കിങ്ങും ഫുട്പാത്ത് കൈവരിയും നവീകരണത്തിന്റെ ഭാഗമായുണ്ടാവും. നവീകരണ പ്രവൃത്തിക്ക് തടസം നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റുകളും മറ്റും മാറ്റാന്‍ പൊതുമരാമത്ത് വകുപ്പ്-കെ.എസ്.ഇബി ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയും നടക്കും.
അങ്ങാടിയിലെ അനിയന്ത്രിത ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി നേരത്തെ പിഡബ്ല്യുഡി എഞ്ചിനീയറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗതീരുമാന പ്രകാരം ബസ് സ്റ്റോപ്പുകളും ഓട്ടോ സ്റ്റാന്‍ഡുകളും മുമ്പേ മാറ്റി സ്ഥാപിച്ചിരുന്നു. ഇവിടെതന്നെ പുതിയവ നിര്‍മ്മിക്കാനും പരിശോധനയില്‍ തീരുമാനമായി. അങ്ങാടിയിലെ മഴവെള്ളക്കെട്ടിന് പരിഹാരമായി ട്രൈനേജ് നിര്‍മാണ പ്രവര്‍ത്തി ആദ്യം ആരംഭിക്കാനും നിര്‍ദ്ദേശമായി.
പെരുവയല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റെ അനീഷ് പാലാട്ട്, പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം എക്‌സി.എഞ്ചിനീയര്‍ എന്‍. ശ്രീജയന്‍, അസി.എന്‍ജിനിയര്‍ വി.പി. വിജയകൃഷ്ണന്‍, ഓവര്‍സിയര്‍ എം. ജയകുമാര്‍, വാര്‍ഡ് വികസന കമ്മിറ്റി കണ്‍വീനര്‍ ഇര്‍ഷാദ് അഹ്മദ്, എംടി മാമുകോയ, കോണ്‍ട്രാക്ടര്‍ മമ്മു തുടങ്ങിയവര്‍ സംബന്ധിച്ചു.