മാവൂർ:
യു.ഡി.എഫിലെ ധാരണയനുസരിച്ച് മുസ്ലിംലീഗിലെ പുലപ്പാടി ഉമ്മർ മാസ്റ്റർ രാജിവച്ച ഒഴിവിലേക്ക് മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ആർ. എം.പിയിലെ ടി. രഞ്ജിത്ത് സ്ഥാനമേറ്റു. ശനിയാഴ്ച നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ എ.പി. മോഹൻദാസിനെ എട്ടിനെതിരെ 10 വോട്ടുകൾക്ക് തോൽപ്പിച്ചാണ് ടി. രഞ്ജിത്ത് പ്രസിഡണ്ടായത്. ഒരു വർഷം ആണ് രഞ്ജിത്തിന് പ്രസിഡൻറായി തുടരുക. നിലവിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയിരുന്നു ടി. രഞ്ജിത്ത്. ധാരണ അനുസരിച്ചു പുലപ്പാടി ഉമ്മർ മാസ്റ്റർ രാജിവെച്ചത് ജൂൺ 30 ന് ആയിരുന്നു. ജൂൺ 30ന് ടി. രഞ്ജിത്തും സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജി വച്ചിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തെരഞ്ഞെടുപ്പ് അടുത്തദിവസം നടക്കും.