ഗ്രാമപഞ്ചായത്തിന് അനുവദിച്ച ബജറ്റ് വിഹിതത്തില്‍ 1.3 കോടി രൂപ സര്‍ക്കാര്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ജനപ്രതിനിധികള്‍ പുവ്വാട്ടുപറമ്പിൽ സത്യഗ്രഹം നടത്തി. ബജറ്റ് വിഹിതവും സര്‍ക്കാര്‍ ഉത്തരവുകളും അടിസ്ഥാനമാക്കിയാണ് പദ്ധതി തയ്യാറാക്കിയത്. ഇത് പ്രകാരം സംസ്ഥാനത്ത് തന്നെ ആദ്യമായി വികസന സെമിനാറും പദ്ധതി അന്തിമമാക്കലും പൂര്‍ത്തീകരിച്ച പഞ്ചായത്താണ് പെരുവയല്‍.
പദ്ധതികള്‍ക്ക് എസ്റ്റിമേറ്റ് വരെ തയ്യാറാക്കി ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിച്ച ശേഷമാണ് ജൂലൈ 5ന് തുക പുനക്രമീകരിച്ച സര്‍ക്കാര്‍ ഉത്തരവിറങ്ങുന്നത്. ഇതോടെ 1.3 കോടി രൂപ വെട്ടിച്ചുരുക്കേണ്ട സാഹചര്യമാണ്. ഇതോടെ റോഡ് പുനരുദ്ധാരണ പ്രവൃത്തി പൂര്‍ണ്ണമായും തടസ്സപ്പെടുന്ന സാഹചര്യമാണ്. ജനപ്രതിനിധികള്‍ ആരോപിച്ചു.
സാമ്പത്തിക വര്‍ഷം ആരംഭിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിന് സര്‍ക്കാര്‍ സംവിധാനമായിട്ടില്ല. നിലാവ് പദ്ധതിയിലൂടെ തെരുവ് വിളക്ക് സംവിധാനം തകര്‍ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. 2020ല്‍ നല്‍കിയ ലൈഫ് പദ്ധതി അപേക്ഷ പോലും ഇന്നേവരെ അന്തിമമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടില്ല. ഐ.എല്‍.ജി.എം.എസ് സോഫ്റ്റ് വെയറിലെ അപാകത മൂലം ഓഫീസ് പ്രവര്‍ത്തനം താളം തെറ്റുകയാണ്. ജലജീവന്‍ കുടിവെള്ള പദ്ധതി പ്രവര്‍ത്തനം ഇഴഞ്ഞു നീങ്ങുന്ന സ്ഥിതിയാണുള്ളത്. യു.ഡി.എഫ് കുറ്റപ്പെടുത്തി.
മുന്‍ എം.എല്‍.എ യു.സി.രാമന്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. അധികാര വികേന്ദ്രീകരണത്തെ തകര്‍ത്ത് അധികാര കേന്ദ്രീകരണത്തിനാണ് സര്‍ക്കാര് ശ്രമിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സമീപനം മൂലം പ്രാദേശിക സര്‍ക്കാറുകള്‍ നോക്കുകുത്തിയായി മാറുകയാണ്. യു.ഡി.എഫ് സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.മൂസ്സ മൗലവി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ ദിനേശ് പെരുമണ്ണ, വിനോദ് പടനിലം, മുസ്ലിംലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് എ.ടി.ബഷീര്‍,യു.ഡി.എഫ് ചെയര്‍മാന്‍ പേങ്കാട്ടില്‍ അഹമ്മദ്, കണ്‍വീനര്‍ സി.എം.സദാശിവന്‍, ടി.പി.മുഹമ്മദ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ.സുഹറാബി, വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട്, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.കെ.ഷറഫുദ്ദീന്‍, സുബിത തോട്ടാഞ്ചേരി പ്രസംഗിച്ചു.