29/07/2022 ന് വന്ന വാർത്തയാണിത്. ക്ലാസ്സ് മുറിയിൽ വെച്ച് വിദ്യാർത്ഥിയെ കൊണ്ട് കൈ മസ്സാജ് ചെയ്യിച്ച സംഭവത്തിൽ അധ്യാപികക്ക് സസ്പെൻഷൻ. ഉത്തർ പ്രദേശിലെ ഹർദോയിലെ ബവാൻ ബ്ലോക്കിൽ പോഖാരി പ്രൈമറി സ്കൂളിലാണ് സംഭവം.മസ്സാജ് ചെയ്യിക്കുന്നതിന്റെ വീഡിയോ വൈറലായപ്പോൾ അധ്യാപിക ഊർമിള സിങ്ങിനെ സസ്പെൻഡ് ചെയ്തു. കസേരയിൽ ഇരിക്കുന്ന അധ്യാപികയുടെ ഇടതു കൈ വിദ്യാർത്ഥിയെ കൊണ്ട് മസ്സാജ് ചെയ്യിക്കയായിരുന്നു.
അധ്യാപകർ മുമ്പ് തങ്ങളുടെ വിദ്യാർത്ഥികളെ സുന്ദര വചനങ്ങൾ കൊണ്ട് സംബോധന ചെയ്യാറുണ്ടായിരുന്നു.അന്ന് ചിലപ്പോൾ ആ വാക്കുകൾ അരോചകമായി തോന്നാറുണ്ടാവില്ല. ഞങ്ങൾ പഠിച്ചിരുന്ന സ്കൂളിൽ പഠിപ്പിച്ചിരുന്ന ഒരധ്യാപകൻ വിദ്യാർത്ഥികളെ "വിഡ്ഢി "എന്ന് ഇടക്കിടക്ക് സംബോധന ചെയ്യും. പിന്നീടയാൾ വിദ്യാർത്ഥികൾക്കിടയിൽ വിഡ്ഢി മാഷായി.മറ്റൊരു സാർ വൃത്തിയും വെടിപ്പും ഉൽബോധിപ്പിച്ചപ്പോൾ അദ്ദേഹം വൃത്തി മാഷായി. കുട്ടികളെ ഇടക്കിടക്ക് തല്ലിയിരുന്ന സാർ പിരാന്തൻ മാഷായി. മലയാളം പഠിപ്പിച്ച സാർ പണ്ഡിറ്റ് മാസ്റ്ററായി. ഇങ്ങനെ, കുട്ടികൾ ഒട്ടുമിക്ക അധ്യാപകർക്കും ഇരട്ടപ്പേര് സമ്മാനിച്ചിരുന്നു.
എടാ കള്ള പെരുച്ചാഴി, മരമാക്രീ എന്നൊരു അധ്യാപകൻ സംബോധന ചെയ്യുമ്പോൾ, മറ്റൊരു അധ്യാപകൻ നീയൊന്നും കുരുത്തം പിടിക്കില്ലെന്ന് ശപിക്കുന്നു. ഇതെല്ലാം നിന്റെ തകരാറല്ല, നിന്റെ വർഗ്ഗത്തിന്റെ തകരാണെന്ന് മറ്റൊരാൾ ആണയിടുന്നു.
പട്ടിക കഷ്ണവുമായി ക്ലാസ്സിൽ നിൽക്കുന്ന ടീച്ചർമാരെ ഞാൻ കണ്ടിട്ടുണ്ട്. ഇതെന്തിനാ ടീച്ചറേ എന്നു ചോദിച്ചപ്പോൾ ഇതില്ലാതെ ഇവന്മാർ അടങ്ങിയിരിക്കില്ലെന്നാണ് ടീച്ചർ പറഞ്ഞത്. വടിയെടുക്കാതെ ക്ലാസ്സിൽ പോകുന്ന കാര്യം ഓർക്കാനേ വയ്യ. ക്ലാസ്സിലെത്തിയ ചില അധ്യാപകരുടെ പണി ക്ലാസ്സ് ലീഡറെ അടുത്ത പറമ്പിലേക്ക് ഓടിക്കലാണ്. നല്ല ബലമുള്ള വടി ഒടിക്കാൻ. ചൂരലാണ് വടികളിൽ കേമൻ. പേരക്ക മരത്തിന്റെ വടിയും അത്യാവശ്യം ഉറപ്പുള്ളതാണ്. കുറച്ചു പേരെ അടിക്കുമ്പോഴേക്കും വടി ഒടിഞ്ഞു പോകും. ഒന്നും രണ്ടും അടിയല്ല, അന്ന് കിട്ടുക. ഗുരുനാഥന്റെ കലി അടങ്ങുന്നത് വരെ തല്ലും. പലർക്കും ഇഷ്ടം പിള്ളേരുടെ ചന്തിക്ക് അടിക്കാനാണ്. അടി കൊണ്ട സ്ഥലം തടിച്ചു വരും. എന്നാലും ഒട്ടുമിക്ക രക്ഷിതാക്കളും പരാതി പറഞ്ഞു വരാറില്ല. കാരണം, രക്ഷിതാക്കൾ അധ്യാപകരെ കണ്ടു മുട്ടുമ്പോൾ പറയും, എന്റെ മക്കളെ നോക്കണേ, അടിക്കേണ്ടപ്പോൾ നന്നായി കൊടുത്തോളൂ, ഞാൻ ചോദിക്കാനൊന്നും വരില്ല.
അന്നത്തെ മക്കൾ ഘടാഘടിയന്മാരായിരുന്നു, ഒന്നു രണ്ടു അടിയൊന്നും അവർക്ക് ഏശില്ല. വീട്ടിലെ ശല്യം തീർക്കാൻ കുട്ടികളെ സ്കൂളിൽ അയക്കുന്നവരുമുണ്ട്.
അന്നത്തെ ക്ലാസ്സിലെ ശിക്ഷാ മുറകൾ പലതാണ്. കുറുമ്പ് കാണിച്ച ശിഷ്യനെ മേശക്ക് ചുവട്ടിൽ കുമ്പിട്ടു നിർത്തിച്ചത് ഞാൻ കണ്ടിട്ടുണ്ട്. ബെഞ്ചിൽ കയറ്റലും ഡെസ്കിൽ കേറ്റലും പതിവാണ്. ചിലർ ശിഷ്യന്മാർ ഏത്തമിടുന്നത് കണ്ട് സയൂജ്യമടയാറുണ്ട്. ഇമ്പോസിഷൻ എഴുതിക്കൽ പതിവ് ശിക്ഷാ രീതിയായിരുന്നു. അമ്പതും നൂറും ആയിരവും, ചിലപ്പോൾ പതിനായിരവും ആകും ഈ എഴുത്തിന്റെ എണ്ണം.
സൈക്കോളജിയും ശിശു വിദ്യാഭ്യാസവുമൊക്കെ പഠിച്ചു ട്രെയിനിങ് പൂർത്തിയാക്കി വരുന്ന അധ്യാപകരിൽ നിന്നും ഇത്തരം പെരുമാറ്റങ്ങൾ കാണുമ്പോൾ വല്ലാത്ത പ്രയാസം തോന്നും. കാലം മാറി, വിദ്യാഭ്യാസ സമ്പ്രദായങ്ങൾ അഴിച്ചു പണിതു. എം എൽ എല്ലും, ഡി പി ഇ പി യും, എസ് എസ് എ യും, എസ് എസ് കെ യുമായി മാറി മാറി വന്നു. അധ്യാപകർക്ക് അധ്യാപനവും പഠന പ്രവർത്തനങ്ങളും ശ്രദ്ധിക്കാനേ സമയം കിട്ടുന്നുള്ളൂ, വടിയെടുക്കാനും ഇമ്പോസിഷൻ എഴുതിയത് നോക്കാൻ സമയമെവിടെ.