കൂളിമാട്-കളൻതോട് റോഡരികിലെ കിടങ്ങിൽ കാർ മറിഞ്ഞു
നായർകുഴി:
നിർമാണം പാതിവഴിയിൽ നിലച്ച കൂളിമാട്-കളൻതോട് റോഡിലെ കിടങ്ങിൽ കാർ മറിഞ്ഞു. ബുധനാഴ്ച വൈകുന്നേരം നായർകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിനടുത്ത് മാളികത്തടായിലാണ് സംഭവം. കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്നവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് കാർ ഉയർത്തി ഇവരെ രക്ഷിച്ചത്. റോഡ് നവീകരണത്തിന്റെ ഭാഗമായി ഡ്രൈനേജ് നിർമിക്കാൻ റോഡരികിൽ കിടങ്ങ് കീറിയിരുന്നു. കുറച്ചുഭാഗത്ത് മാത്രമാണ് ഡ്രൈനേജ് നിർമിച്ചത്. ചിറ്റാരിപിലാക്കൽ-മുതൽ നായർകുഴി വരെ ഇത്തരത്തിൽ കിടങ്ങുണ്ട്. പരിചയമില്ലാത്ത യാത്രക്കാരുടെ ശ്രദ്ധയിൽപെടാത്തവിധമാണ് കിടങ്ങുകൾ. വാഹനം സൈഡിലേക്കെടുക്കുമ്പോൾ അപകടത്തിൽപെടാൻ സാധ്യതയേറെയാണ്.