Peruvayal News

Peruvayal News

ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ മാവത്തുംപടി ഗ്രൗണ്ട് നവീകരണത്തിന് സര്‍ക്കാര്‍ അനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.

മാവത്തുംപടി ഗ്രൗണ്ട് നവീകരണത്തിന് ഭരണാനുമതി

ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ മാവത്തുംപടി ഗ്രൗണ്ട് നവീകരണത്തിന് സര്‍ക്കാര്‍ അനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ  അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ ഗ്രൗണ്ട് നൂതന സംവിധാനങ്ങളോടെ പരിഷ്കരിക്കുന്നത്.

എം.എല്‍.എയുടെ ആസ്തി  വികസന ഫണ്ടില്‍  നിന്നും അനുവദിച്ച 35 ലക്ഷം രൂപ ചെലവില്‍ ഈ ഗ്രൗണ്ടിന്‍റെ ഒന്നാം ഘട്ട പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിരുന്നു. പ്രസ്തുത പ്രവൃത്തിയുടെ അനുബന്ധമായി ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപയുടെ വികസന പ്രവൃത്തികളും തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 15 ലക്ഷം രൂപ ചെലവില്‍ ഗ്രൗണ്ടിലേക്കുള്ള റോഡിന്‍റെ പരിഷ്കരണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. എന്നാല്‍ ആധുനിക രീതിയില്‍ ഗ്രൗണ്ട് സജ്ജീകരിക്കുന്നതിന് കൂടുതല്‍ തുക ആവശ്യമാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്‍റെ പദ്ധതിയില്‍ ഗ്രൗണ്ടിന്‍റെ നവീകരണം ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

ഗ്രാമീണ കളിക്കളങ്ങള്‍ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി  ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കായിക വകുപ്പ് മുഖേന സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ തയ്യാറാക്കുന്ന വിശദ പദ്ധതി രേഖയില്‍ ഉള്‍പ്പെടുത്തി നടത്തേണ്ട പ്രവൃത്തികള്‍ക്ക് വേണ്ടിവരുന്ന ബാക്കി തുക പഞ്ചായത്തിന്‍റേയും എം.എല്‍.എയുടേയും വിഹിതത്തില്‍ നിന്നും, വിവിധ സ്ഥാപനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത ഫണ്ടില്‍ നിന്നും കണ്ടെത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. 

1.67 ഏക്കര്‍ വിസ്തൃതിയുള്ള മാവത്തുംപടി ഗ്രൗണ്ടില്‍ വിവിധ കായിക വിനോദങ്ങള്‍ക്ക് വേണ്ട കോര്‍ട്ടുകള്‍, കുട്ടികള്‍ക്കുള്ള പ്രത്യേക കളിസ്ഥലം, പ്രായമായവര്‍ക്കുള്ള വിനോദോപാധികള്‍, ഓപണ്‍ ജിംനേഷ്യം, ഹെല്‍ത്ത് പവലിയന്‍, ടോയ്ലറ്റ്, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live