ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഹൈലൈറ്റ് വില്ല മേടയിൽ റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 6.5 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിൻ്റെ നവീകരണം നടത്തിയത്.
ചെട്ടിയാടി, കണ്ണാടത്തിൽ, മേലടത്ത്, വാക്കത്ത് തുടങ്ങിയ പ്രദേശങ്ങളിലെ ഇരുനൂറോളം കുടുംബങ്ങൾക്ക് പാലാഴി ഭാഗത്തേക്ക് എത്തിച്ചേരുന്നതിനുള്ള ക്രോസ് റോഡാണിത്. വെള്ളപ്പൊക്ക സമയത്ത് ജനങ്ങൾക്ക് ഏറെ സഹായകമായ ഒരു പാത കൂടിയാണിത്.
ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശാരുതി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എൻ ജയപ്രശാന്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.പി സെയ്താലി, എം.എം സുബീഷ്, പി.കെ മുഹമ്മദ്, കെ.എം ശിവദാസൻ, വി.എം ശശി സംസാരിച്ചു.