അംഗൻവാടി കുട്ടികൾക്കിനി മുട്ടയും പാലും:
പോഷക ബാല്യം പദ്ധതിക്ക് കൊടിയത്തൂരിൽ തുടക്കമായി
മുക്കം:
അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക്
മുട്ടയും പാലും നൽകുന്ന പോഷക ബാല്യം പദ്ധതിക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള അങ്കണവാടികളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.കുട്ടികളുടെ പോഷകാഹാര നിലവാരം ഉയര്‍ത്തുന്നതിനും, സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് ആഴ്ചയില്‍ രണ്ട് ദിവസം മുട്ടയും, രണ്ട് ദിവസം പാലും നല്‍കുന്നത്. ഒരു കുട്ടിയ്ക്ക് ഒരു ദിവസം ഒരു ഗ്ലാസ് പാല്‍ വീതം ആഴ്ചയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും, ആഴ്ചയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മുട്ടയും നല്‍കുന്നതാണ് പദ്ധതി'. പദ്ധതിയുടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഗോതമ്പ റോഡ് ചെലാംകുന്ന് അംഗൻ വാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് നിർവഹിച്ചു. വാർഡ് മെമ്പർ രതീഷ് കളക്കുടിക്കുന്നത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം കോമളം തോണിച്ചാലിൽ, ഐ സി ഡി എസ് സൂപ്പർവൈസർ പി.കെ. ലിസ, കമ്യൂണിറ്റി വുമൺഫെസിലിറ്റേറ്റർ
റസീന,അംഗൻവാടി ടീച്ചർ സൽമത്ത്, അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു.
കുഞ്ഞുങ്ങളുടെ ബൗദ്ധികവും വൈകാരികവും, സാമൂഹികവും, ആരോഗ്യപരവുമായ വികാസത്തിന് ഊന്നല്‍ നല്‍കി ആറ് സേവനങ്ങളാണ് അങ്കണവാടി വഴി നല്‍കുന്നത്. ഇതില്‍ ഒരു പ്രധാന സേവനമാണ് അനുപൂരക പോഷകാഹാര പദ്ധതി. ഈ പദ്ധതി പ്രകാരം, 6 മാസം മുതല്‍ 6 വയസ് വരെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് അങ്കണവാടികളിലൂടെ അനുപൂരക പോഷകാഹാരം നല്‍കി വരുന്നു. ഇത് കൂടാതെയാണ് അങ്കണവാടി മെനുവില്‍ പാലും മുട്ടയും ഉള്‍പ്പെടുത്തിയത്.
മില്‍മ, പ്രാദേശിക ക്ഷീര സൊസൈറ്റി, കുടുംബശ്രീ, ക്ഷീരകര്‍ഷകര്‍ എന്നിവര്‍ വഴി ഈ പദ്ധതിയ്ക്ക് ആവശ്യമായ പാല്‍ അങ്കണവാടികളില്‍ നേരിട്ട് എത്തിക്കുന്നതാണ്. അങ്കണവാടികളില്‍ ആനന്ദകരമായ വിദ്യാഭ്യാസത്തോടൊപ്പം ആരോഗ്യപൂര്‍ണമായ ബാല്യം പ്രധാനം ചെയ്യുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിയിലൂടെ സാധ്യമാകുന്നത്.