ആദായ നികുതി റിട്ടേൺ (Income Tax Return) ഫയൽ ചെയ്യാനുള്ള അവസാന തിയതി ഇന്നലെ അവസാനിച്ചു. ആദായ നികുതി വകുപ്പ് പറഞ്ഞ സമയത്തിനുള്ളിൽ നികുതി ഫയൽ ചെയ്യാൻ കഴിയാത്തവർ എന്ത് ചെയ്യും? സമയ പരിധി നീട്ടില്ലെന്ന് മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇനിയും റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കാത്തവർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക.
കൃത്യസമയത്ത് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ സാധിച്ചില്ലെങ്കിൽ ആദായ നികുതി വകുപ്പിന് പിഴ നൽകേണ്ടി വരും. 2022 ഡിസംബർ 31 വരെ ഐടിആർ ഫയൽ ചെയ്യാം. 5000 രൂപ പിഴ നൽകേണ്ടി വരും. കഴിഞ്ഞ വർഷം വരെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയാലുള്ള പരമാവധി പിഴ 10,000 രൂപയായിരുന്നു. എന്നാൽ 2020-21 സാമ്പത്തിക വര്‍ഷം മുതൽ പിഴയില്‍ ആദായ നികുതി വകുപ്പ് മാറ്റം വരുത്തി.
ഈ വർഷം റിട്ടേണ്‍ കൃതസമയത്ത് സമര്‍പ്പിക്കാത്തവര്‍ 5,000 രൂപ പിഴ അടച്ചാല്‍ മതിയാകും. മാത്രമല്ല ആദായ നികുതി പരിധി കടക്കാത്തവരാണെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകിയാല്‍ പിഴ നൽകേണ്ടതുമില്ല. കൂടാതെ ചെറുകിട നികുതി ദായകര്‍ക്ക് പിഴ നൽകുന്നതിലും ഇളവുകൾ ലഭിക്കും. വരുമാനം 5 ലക്ഷത്തില്‍ കുറവാണെങ്കിൽ വൈകി റിട്ടേൺ ഫയൽ ചെയ്താലും 1,000 രൂപ മാത്രമാണ് പിഴ ഈടാക്കുക.