മദ്യപിച്ചു വാഹനമോടിച്ച് ഒരു ജീവൻ നഷ്ടപ്പെടുത്തിയെന്നതിനൊപ്പം മറ്റൊരു ഗുരുതര കൃത്യം കൂടിയാണ് സംഭവം നടന്ന നിമിഷം മുതൽ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു കേസിൽ നിന്ന് രക്ഷപ്പെടാൻ ശ്രീറാം വെങ്കിട്ടരാമൻ എന്ന ഐ എ എസ് ഉദ്യോഗസ്ഥൻ നടത്തിയ വഴിവിട്ട ശ്രമങ്ങൾ. അതിന് ഒരു പരിധി വരെ ഔദ്യോഗിക സംവിധാനങ്ങൾ കൂട്ട് നിൽക്കാൻ മെനക്കെട്ടെങ്കിലും എത്രയൊളിപ്പിക്കാൻ ശ്രമിച്ചാലും സത്യം പുറത്തു വരുമെന്നതിനാൽ അദ്ദേഹം പ്രതിസ്ഥാനത്ത് എത്തിപ്പെടുകയായിരുന്നു. ഒരിക്കൽ പോലും സംഭവിച്ച കാര്യത്തിൽ ഒരു ഖേദപ്രകടനത്തിന്റെ ലാഞ്ജന പോലും പൊതു സമൂഹത്തിന് മുന്നിൽ പ്രകടിപ്പിക്കാൻ തയ്യാറാവാത്ത ഈ ഉദ്യോഗസ്ഥനെയാണ് ജില്ലാ ഭരണകൂടത്തിൽ സർക്കാരിന്റെ മുഖമായി ആലപ്പുഴയിൽ സർക്കാർ അവരോധിച്ചിരിക്കുന്നത്. ഇത് നിയമസംവിധാനത്തോടുള്ള സർക്കാരിന്റെ കൊഞ്ഞനം കുത്തലാണ്. തുടർ ഭരണം എന്നത് എന്ത് തോന്നിവാസവും കാണിക്കാനുള്ള ലൈസൻസ് അല്ല എന്നുള്ളത് സർക്കാരിനെ മനസിലാക്കി കൊടുക്കേണ്ടിയിരിക്കുന്നു. ശ്രീറാം വെങ്കിട്ടരാമൻ കൊലപ്പെടുത്തിയ മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ കുടുംബത്തിന് നീതി ലഭിക്കേണ്ടിയിരിക്കുന്നു. ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റാൻ സർക്കാർ തയ്യാറാവുക.