മാവൂരിൽ പൈപ്പ് പൊട്ടൽ തുടർക്കഥ
മാവൂർ:
ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ ജലവിതരണ പൈപ്പുകൾ നിരന്തരം പൊട്ടുന്നത് കാരണം ഒട്ടേറെ കുടുംബങ്ങൾ ദുരിതത്തിൽ.
ദിവസങ്ങളോളമാണ് ജലവിതരണം തടസ്സപ്പെടുന്നത്. ഒരുഭാഗത്ത് നന്നാക്കുമ്പോൾ മറുഭാഗത്ത് പൊട്ടുന്ന അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. ഒരുദിവസംതന്നെ പല സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടിയത്. മാവൂർ അങ്ങാടിയിൽ പൈപ്പ് പൊട്ടൽ നിത്യസംഭവമാണ്.
കഴിഞ്ഞദിവസം കാര്യാട്ട് താഴത്ത് പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ കുത്തിയൊഴുകുകയായിരുന്നു. മാവൂർ ടൗൺ ഏരിയയിൽ പൈപ്പ് പൊട്ടുന്നത് കാരണം കുടിവെള്ളം കിട്ടാത്തത് നിത്യസംഭവമാണ്.
ജലം പാഴാകുന്നത് തടയാനും അറ്റകുറ്റപ്പണിക്കുമായി പൈപ്പ് ലൈൻറോഡിലുള്ള വാൽവ് അടയ്ക്കും. ഇതോടെ മുഴുവൻ സ്ഥലങ്ങളിലും ജലം വിതരണം മുടങ്ങും. വെള്ളംതേടി അലയേണ്ട അവസ്ഥയാണ് കുടുംബങ്ങൾക്ക്. രോഗികളും ജോലിക്കാരും വിദ്യാർഥികളും അടങ്ങുന്ന കുടുംബങ്ങൾ പ്രാഥമികാവശ്യങ്ങൾക്കുപോലും പ്രയാസപ്പെടുന്നു.
ഗ്രാമപ്പഞ്ചായത്ത് അധികൃതരോട് പരാതിപ്പെട്ടാൽ ഉടൻ നന്നാക്കുമെന്ന മറുപടിയാണ് ലഭിക്കുന്നത്. വിതരണത്തിനുള്ള പ്രധാന പൈപ്പുകൾ കാലഹരണപ്പെട്ടതാണ് പൊട്ടലുകൾക്ക് കാരണമെന്നാണ് വിവരം. പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ അനുമതി ഉള്ളതായി പറയുന്നുണ്ടെങ്കിലും ഇതുവരെ തുടങ്ങിയിട്ടില്ല. ഇതിനായി അധികൃതരോട് പരാതി പറഞ്ഞു മടുത്തെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.