മുക്കം :
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഏറ്റവും വലിയ ശ്രോതാവായിരുന്നു എന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് അഭിപ്രായപ്പെട്ടു. മുസ്‌ലിം ലീഗ് കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി ചെറുവാടിയിൽ സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ സാമൂഹ്യ രംഗത്തെ സമുന്നതരുമായി ഇടപഴകുന്നതോടൊപ്പം തന്നെ സാധാരണക്കാരുടെ പ്രശ്നങ്ങൾ നേരിൽ കേൾക്കാനും പരിഹരിക്കാനും ഏറെ സമയം ചെലവഴിച്ചിരുന്നു ശിഹാബ് തങ്ങൾ. രാജ്യത്ത് അസഹിഷ്ണുതയും അപരവൽക്കരണവും വ്യാപിപ്പിക്കുവാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്ന വർത്തമാന കാലത്ത് ശിഹാബ് തങ്ങളുടെ ശൈലിയും നിലപാടുകളും ഏറെ പ്രസക്തമാണെന്നു കൂടി അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി കെ വി അബ്ദുറഹിമാൻ,യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ടി മൊയ്തീൻ കോയ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് ജനറൽ സെക്രട്ടറി എൻ കെ അഷ്റഫ് സ്വാഗതവും സെക്രട്ടറി എൻ ജമാൽ നന്ദിയും പറഞ്ഞു. യൂസുഫ് ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി.