ദമ്മാം:
ജെൻഡർ ന്യൂട്രാലിറ്റിയുടെ പേരിൽ കേരള സർക്കാർ കൊണ്ടുവരുന്ന പരിഷ്കാരങ്ങൾ അശാസ്ത്രീയവും പ്രകൃതി വിരുദ്ധമാണെന്നും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും കെ.എൻ.എം വൈസ് പ്രസിഡൻറുമായ ഡോ.ഹുസൈൻ മടവൂർ പ്രസ്താവിച്ചു. സൗദി കിഴക്കൻ പ്രവിശ്യാ കമ്മിറ്റി ദമ്മാമിൽ സംഘടിപ്പിച്ച പൊതു പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലിംഗ വ്യത്യാസത്തിൻ്റെ പേരിൽ ഒരാൾക്കും ഒരു അവകാശവും നിഷേധിക്കാൻ പാടില്ല. പഠനം, തൊഴിൽ തുടങ്ങിയ മേഖലകളിൽ യാതൊരു അനീതിയുമുണ്ടായിക്കൂടാ. ശാരീരികവും മാനസികവും വൈകാരികവുമായി ആൺ പെൺ വ്യത്യാസം ഒരു യാഥാർത്ഥ്യമാണ്. ഓരോരുത്തർക്കും അവരുടെതായ ധർമ്മം നിർവ്വഹിക്കാനുമുണ്ട്.
കുടുംബത്തിലും സമൂഹത്തിലും ധാർമ്മികത നിലനിൽക്കണമെങ്കിൽ ലിംഗ വ്യത്യാസമനുസരിച്ചുള്ള പരിഗണനകളും പ്രത്യേകതകളും പരിഗണിച്ചേ മതിയാവൂ.
ഈ രംഗത്ത് വിവിധ സംസ്കാരങ്ങളിലും സമൂഹങ്ങളിലും നിലനിന്ന് പോരുന്ന മര്യാദകൾ തകർത്തെറിഞ്ഞ്
ഉദാര ലൈംഗികതയും
അതുവഴി കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന യുവ സമൂഹത്തെ സൃഷ്ടിക്കലുമാണ് ന്യൂട്രാലിറ്റിയുടെ പേരിൽ നടപ്പിലാക്കാൻ പോകുന്ന പദ്ധതികളെന്ന് നാം മനസ്സിലാക്കണം. അത് സമൂഹത്തിൽ ദൂരവ്യാപകമായ വിപത്തുകൾ ഉണ്ടാക്കും. പെണ്ണിനെ ആൺ വസ്ത്രം ധരിപ്പിച്ചാൽ സ്ത്രീ പുരുഷ സമത്വമായി എന്ന് വിചാരിക്കുന്നത് വിവരക്കേടാണ്. ആണുങ്ങൾക്ക് പെൺവസ്ത്രങ്ങൾ ധരിപ്പിച്ച് സമത്വമുണ്ടാക്കാൻ ആരും ശ്രമിക്കാത്തത് സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി കരുതുന്നത് കൊണ്ടല്ലേ . നീതിയും അവസരങ്ങളും എല്ലാവർക്കും ലഭ്യമാക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുകയാണ് വേണ്ടത്.
ആഗോള മതനിരാസ പ്രസ്ഥാനങ്ങളുടെ ആസൂത്രിത പദ്ധതികളാണിതെന്നും ഇതിനെ ചെറുത്ത് തോൽപിക്കണമെന്നും
അദ്ദേഹം
വിശദീകരിച്ചു.
ഡോ.മുഹമ്മദ് ഫാറൂഖ്, സാജിദ് ആറാട്ട് പുഴ, ആലിക്കുട്ടി ഒളവട്ടൂർ സംസാരിച്ചു. എം. കബീർ സലഫി ആദ്ധ്യക്ഷത വഹിച്ചു.