കരട് രേഖയിൽ മാറ്റം വരുത്തിയത് സ്വാഗതാർഹം:
ഡോ.ഹുസൈൻ മടവൂർ
മക്ക:
കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ പരിഷ്കരിക്കാനായി സർക്കാർ പ്രഖ്യാപിച്ച നിർദ്ദേശങ്ങളിൽ നിന്ന് ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തി പഠിപ്പിക്കണമെന്ന നിർദ്ദേശം ഒഴിവാക്കിയ സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് പ്രമുഖ മുസ്ലിം പണ്ഡിതനും കെ.എൻ.എം. വൈസ് പ്രസിഡൻ്റുമായ ഡോ.ഹുസൈൻ മടവൂർ പ്രസ്താവിച്ചു.
ഉംറ തീർത്ഥാടനത്തിന്നായി മക്കയിലെത്തിയ അദ്ദേഹം സർക്കാർ നിലപാടിൽ സന്തുഷ്ടി രേഖപ്പെടുത്തി. ലിംഗ നീതി നടപ്പിലാക്കാനാണ് സർക്കാറും ശ്രമിക്കേണ്ടത്. അല്ലാതെ, പ്രകൃതി വിരുദ്ധമായ ലിംഗ സമത്വമല്ല നടപ്പിലാക്കേണ്ടത്. കരട് നിർദ്ദേശങ്ങളിലെ സ്ത്രീ വിരുദ്ധതയും അശാസ്ത്രീയതയും മതവിരോധവും വളരെ പ്രകടമായിരുന്നു.
കരട് രേഖയിൽ നിന്ന് ഒഴിവാക്കേണ്ട നിരവധി വിഷയങ്ങൾ ഇനിയും അവ ശേഷിക്കുന്നുണ്ട്. മൂല്യ ബോധം നിരുത്സാഹപ്പെടുത്തൽ, ഭാഷാ പഠനം ഇല്ലാതാക്കൽ, ജെൻഡർ ന്യൂട്രൽ യൂണിഫോം, വിവിധ വിദ്യാഭ്യാസ ഏജൻസികൾ നടത്തുന്ന പ്രീ പ്രൈമറി സ്കൂളുകൾ നിർത്തലാക്കൽ, സ്കൂൾ സമയമാറ്റം തുടങ്ങിയ ഇരുപതോളം നിർദ്ദേശങ്ങൾ ഇപ്പോഴും കരട് രേഖയിലുണ്ട്. അവയും പിൻവലിച്ചേ മതിയാവൂ.
സ്ത്രീ പുരുഷ വ്യത്യാസമില്ലാത്ത വിധം ജെൻഡർ ന്യൂട്രാലിറ്റി നടപ്പിലാക്കലാണ് സർക്കാറിൻ്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും ആൺകുട്ടികളും ഒന്നിച്ചിരുന്നാൽ എന്താണെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ചോദ്യവും കേരളീയ സമൂഹത്തോടുള്ള വെല്ലുവിളിയാണ്.
പുതിയ സമൂഹത്തെ മതങ്ങളുടെ വൃത്തത്തിൽ നിന്ന് മോചിപ്പിക്കണമെന്ന് ഭരണ കക്ഷി പ്രതിനിധികൾ ചാനൽ ചർച്ചകളിൽ പ്രസ്താവിച്ചതും
അവരുടെ വിദ്യാർത്ഥികൾ അധാർമ്മികവും കുത്തഴിഞ്ഞതുമായ കേമ്പസ് ജീവിതത്തിന് വേണ്ടി ആവശ്യമുന്നയിച്ച് പരിപാടികൾ നടത്തിത്തുടങ്ങിയതും ഗൗരവമേറിയ വിഷയങ്ങളാണ്. ധാർമ്മികതയില്ലാത്ത വിദ്യാഭ്യാസം സാമൂഹിക തിന്മയാണെന്ന ഗാന്ധിജിയുടെ നിരീക്ഷണം നാം മുഖവിലക്കെടുക്കണം. കോത്താരി കമ്മിഷൻ ഉൾപ്പെടെ പല വിദഗ്ധ സമിതികളും വിദ്യാർത്ഥികൾക്ക് ധാർമ്മിക വിദ്യാഭ്യാസം നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. അത് ഭരണഘടനയുടെ താൽപര്യവും കൂടിയാണ്.