ഇന്ത്യയെ വിദേശികളുടെ അധിപത്യത്തിൽ നിന്നും മോചിപ്പിക്കാൻ ഒന്നായി ഒരുമിച്ചു സമരം നയിച്ച ധീര ദേശാഭിമാനികളെ സ്മരിച്ചു കൊണ്ടും ഒരു പൗരൻ എന്ന നിലയിൽ രാജ്യത്തിനു വേണ്ടി ആവുന്ന സേവനങ്ങളെല്ലാം ചെയ്യുമെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടും സ്വന്തം രാജ്യത്തെ പെറ്റമ്മയേക്കാൾ സ്നേഹിച്ചു കൊണ്ടും ഓരോരുത്തരും വിളിച്ചു പറയുന്നു. "
ഭാരത് മാതാ കീ ജയ് ".
മഹാത്മാ ഗാന്ധിയും അബുൽ കലാം ആസാദും ജവഹർലാൽ നെഹ്‌റുവും മൌലാന മുഹമ്മദ് അലിയും അരുണയും ആസഫലിയും മൌലാന ഷൗക്കത്തലിയും ബീഅമ്മയും സരോജിനി നായിഡുവും -- ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ദേശീയ നേതാക്കൾ സ്വാതന്ത്ര്യത്തിനു വേണ്ടി അഹോരാത്രം പട പൊരുതി, നമുക്ക് സ്വാതന്ത്ര ഇന്ത്യയിൽ സ്വസ്ഥമായി ജീവിക്കാനുള്ള അവകാശം നേടിത്തന്നു.
കേരളത്തിൽ കെ കേളപ്പനും മുഹമ്മദ് അബ്ദുറഹിമാൻ സാഹിബും കെ എം മൗലവിയും മൊഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടും ഇ. മൊയ്തു മൗലവിയും കെ പി കേശവ മേനോനും എ കെ ജിയും ആലി മുസ്‌ലിയാരും വാരിയൻ കുന്നത്തും -- എന്നുവേണ്ട എത്രയെത്ര മഹത്തുക്കളാണ് ഇന്ത്യ സ്വതന്ത്രയാവാൻ വേണ്ടി ധീര സമരം നടത്തിയത്.
രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ചവർ, വിദേശികളുടെ കഠിന പീഡനങ്ങൾക്ക് വിധേയരായവർ, സ്വന്തം നാട്ടിൽ നിന്നും ആട്ടിയോടിക്കപ്പെട്ടവർ, നാട് കടത്തപ്പെട്ടവർ, ഇരുമ്പഴിക്കുള്ളിൽ നരക യാതന അനുഭവിച്ചവർ, സ്വന്തമായുള്ളതെല്ലാം നഷ്ടപ്പെട്ടവർ -- ഇങ്ങനെ പലവിധ യാതനകളും വേദനകളും പലരും ഏറ്റുവാങ്ങിയാണ്, ഈ രാജ്യം സ്വതന്ത്രമായത്. ഇവയെല്ലാം നാം സ്മരിക്കുന്നതോടൊപ്പം രാജ്യത്തിന്റെ അഖണ്ഡതക്കും ഐക്യത്തിന്നും സൗഹാർദ്ധത്തിന്നും വേണ്ടി മുന്നിടാം.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിന്ന് സംസ്ഥാനത്തെ മുഴുവൻ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്താൻ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർദ്ദേശം നൽകി. സ്വാതന്ത്ര്യ ദിനം പ്രമാണിച്ചു പരമാവധി സ്ഥലങ്ങളിൽ ദേശീയ പതാക ഉയർത്താനാണ് സർക്കാരിന്റെ നിർദ്ദേശം. ആഗസ്ത് 13 നു പതാക ഉയർത്തി 15 വരെ നിലനിർത്താവുന്നതാണ്.
കുടുംബശ്രീ മുഖേന ദേശീയ പതാക നിർമ്മിക്കും. ഖാദി കൈത്തറി മേഖലകളെ പതാക ഉണ്ടാക്കുന്നതിൽ ഉപയോഗപ്പെടുത്തും. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികൾ നടത്തും. മുഖ്യമന്ത്രി അറിയിച്ചു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേരത്തെ തന്നെ ആഹ്വാനം ചെയ്തിരുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവമാണ് നാം കൊണ്ടാടുന്നത്. ഇതോടെ ദേശീയ പതാകയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാകുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യം ലഭിച്ചതിന്റെ എഴുപത്തഞ്ചാം വാർഷികം ആസാദി കാ അമൃത് മഹോത്സവമായി ആഘോഷിക്കുന്ന വേളയിൽ എല്ലാ വീടുകളിലും ത്രിവർണ പതാക എന്ന ആശയത്തെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ദേശീയ പതാകയുടെ കൂടുതൽ വിശേഷങ്ങൾ അടുത്ത കുറിപ്പിൽ
എ ആർ കൊടിയത്തൂർ