ദുരിതക്കാഴ്ചകൾക്ക് വിട
മുഖവും മാറി പുവ്വാട്ടുപറമ്പ് ലക്ഷം വീട് കോളനി
അര നൂറ്റാണ്ടിനോടടുക്കുന്ന പെരുവയൽ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡ് പുവ്വാട്ടു പറമ്പ് കളരിപ്പുറായിൽ ലക്ഷം വീട് കോളനിയുടെ ദുരവസ്ഥക്ക് പരിഹാരം. ഇന്റർലോക്ക് ചെയ്തും പുതിയ ഡ്രൈനേജുകൾ നിർമ്മിച്ചുമാണ് കോളനി നവീകരിച്ച് മനോഹരമാക്കിയത്. കോളനി എന്ന പേര് മാറ്റുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോളനി നവീകരിച്ചത്.
കാലവർഷമെത്തിയാൽ വെള്ളകെട്ടും ചെളിയും നിറയുന്നത് മൂലം കാൽനടയാത്ര പോലും ഇവിടെ പ്രയാസകരമായിരുന്നു. ഇതിന് പരിഹാരമായി 2 ഡ്രൈനേജുകൾ നിർമ്മിച്ചിട്ടുണ്ട്. 2 ഭാഗത്തെ റോഡുകളും പൊതു ഇടങ്ങളും ഇന്റർലോക്ക് ചെയ്തു. വീടുകളിൽ കമ്പോസ്റ്റ് പിറ്റ് നിർമ്മിക്കുന്ന പ്രവർത്തനത്തിന് തുടക്കമായിട്ടുണ്ട്. ജൽ ജീവൻ പദ്ധതിയിലൂടെ എല്ലാ വീടുകൾക്കും കുടിവെള്ള കണക്ഷൻ ലഭ്യമാക്കിയിട്ടുണ്ട്. ജല വിതരണം വൈകാതെ ആരംഭിക്കും.
കോളനിവാസികൾ എന്നതിൽ അരികുവൽക്കരണത്തിന്റെ ധ്വനി കടന്നുവരുന്നതിനാലാണ് കോളനി എന്ന പേര് മാറ്റുന്നതിന് തീരുമാനിച്ചത് എന്ന് വാർഡ് മെമ്പർ പി.കെ.ഷറഫുദ്ദീൻ പറഞ്ഞു. പുതിയ പേര് 21 ന് പ്രഖ്യാപിക്കും. കോളനിക്ക് പിറകിലെ ഒഴിഞ്ഞ ഇടം പുതിയ പദ്ധതിക്ക് ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
1973 ൽ ആരംഭിച്ച കോളനിയിൽ 40 കുടുംബങ്ങളാണ് നിലവിൽ തിങ്ങിത്താമസിക്കുന്നത്. അച്ചുത മേനോൻ സർക്കാറിന്റെ കാലത്ത് നടപ്പാക്കിയ ലക്ഷം വീട് പദ്ധതിയുടെ ഭാഗമായി 10 ഇരട്ട വീടുകളാണ് തുടക്കത്തിൽ നിർമിച്ചത്. . ഇതിനോട് ചേർന്ന് 4 സെന്റ് ഭൂമി വീതം പതിച്ചു നൽകിയ സ്ഥലത്ത് 20 കുടുംബങ്ങൾ വീട് നിർമ്മിച്ചു. പിന്നീട് 10 ഇരട്ട വീടുകൾ പഞ്ചായത്ത് ധനസഹായത്തോടെ 20 ഒറ്റ വീടുകളാക്കി മാറ്റി. അതിന് ശേഷം നടക്കുന്ന വിപുലമായ നവീകരണ പ്രവൃത്തിയാണ് ഇപ്പോൾ നടന്നത്.