തെങ്ങിലക്കടവ് കാൻസർ സെന്റർ ഉദ്യോഗസ്ഥർ സന്ദർശിച്ചു
മാവൂർ:
നേരത്തെ സ്വകാര്യ മേഖലയിലുണ്ടായിരുന്നതും പീന്നീട് സർക്കാറിന് നൽകിയതുമായ മാവൂർ തെങ്ങിലക്കടവ് കാൻസർ സെന്റർ ഉദ്യോഗസ്ഥർ സന്ദർശിച്ചു. പൊതുമരാമത്ത്, നാഷണൽ ഹെൽത്ത് മിഷൻ, തലശ്ശേരി മലബാർ കാൻസർ സെൻർ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് സന്ദർശിച്ചത്. കാൻസർ സെന്ററിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും നവീകരണത്തിനുമായി ഒരുകോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനെറ ഭാഗമായിരുന്നു പരിശോധന. താഴെ നിലയിൽ നേരത്തെതന്നെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരുന്നു. മുകൾനിലയിലാണ് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുള്ളത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ തയാറാക്കുന്നത്. ഇവരുടെ പ്രതിനിധികളും കൂടെയുണ്ടായിരുന്നു. കെട്ടിടങ്ങളും പരിസരവും സംഘം വിശദമായി പരിശോധിച്ചു. 2010ലാണ് കാൻസർ സെന്റർ സർക്കാറിലേക്ക് കൈമാറുന്നത്. ഏറെക്കാലമായി ഇത് ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. വിവിധ കോണുകളിൽനിന്ന് പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് ഇവിടെ കാൻസർ ഡിറ്റക്ഷൻ സെന്റർ സ്ഥാപിക്കാൻ തീരുമാനമായത്. സർക്കാറിനെറയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെയും കോഴിക്കോട് മെഡിക്കൽ കോളജിന്റെ സഹകരണത്തോടെയമാണ് സെന്റർ പ്രവർത്തിക്കുക. പരിശോധനയിൽ പി.ടി.എ. റഹീം എം.എൽ.എയും കൂടെയുണ്ടായിരുന്നു. നാഷണൽ ഹെൽത്ത് മിഷൻ ജില്ല പ്രോജക്ട് മാനേജർ ഡോ. എ. നവീൻ, ഡോ. ടി. അജയ്കുമാർ, ഡോ. എ.ടി. നീതു, എൻജിനീയർ മിഥുൻ, തലശ്ശേരി മലബാർ കാൻസർ സെന്റർ എൻജിനീയർ പി.കെ. റീന, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ പി. ഹുബൈബ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.