ഇന്നലെ രാത്രിയിലേഴാം യാമത്തിന്റെ ചുണ്ടുകളെന്നെ അളന്ന ശേഷമെൻ സ്വപ്നത്തിൽ മരണമേ നീയെന്നെക്കാണുവാനെത്തുന്നു മിഴികൾ കൊണ്ടെന്നോടു കുശലാന്വേഷണം നടത്തുന്നു നിരുപമേ നിന്റെ കൈ ഞരമ്പിലൂടൊഴുകും ജലപ്രവാള പ്രവാഹമീ ഒരു നാളും പൂക്കാതെ പോയപ്രണയ പുഷ്പ്പങ്ങളടിഞ്ഞു കൂടുന്നൊരന്നനാളത്തിൽ നിറക്കുന്നു, പിന്നെ നിൻ മനസ്സുകൊണ്ടെന്നോടീ വിധം മന്ത്രിക്കുന്നു
വരിക നീ എന്റെ പ്രണയം നിറച്ചൊരീ ഗരള തീർത്ഥമാവോളം നുകർന്നതിൻ കരാള ഹസ്തങ്ങളിലമർന്ന്
നിന്റെ ബോധാന്തരങ്ങളെ വിസ്‌മൃതിയിലടക്കം ചെയ്തെന്റെ മാറോടു ചേർന്നതിൽ രമിച്ചുറങ്ങും അതു നിന്നാസന്ന നിദ്ര കാലന്ധകയീ മൃതിയുടെ കരങ്ങളിൽ കിടന്നൈഹിക നിദ്ര...
മരണമേ നീയെന്നോടന്ത്യ കൂദാശയെന്നോണമിതു കൂടെ പറഞ്ഞൊടുക്കുന്നു
നിതാന്ത ശയനത്തിന്റെ തമോ ഗർത്താന്തരത്തിൽ ഞാനകപ്പെട്ട ശേഷം
ശ്മശാനങ്ങളിൽ മെഴുതിരിയാളുന്ന രാത്രിയിൽ ഏഴിലം പാലകളാർത്തു ചിരിക്കുന്ന ഏകാന്ത മാരുതൻ മണി മകുടിയൂതുന്ന രാത്രിയിൽ
ഭ്രൂണ ഭക്ഷകരാം കാലൻ കോഴികൾ തൻ ഭീതിത നാദപ്രവാഹത്തിനകമ്പടിയോടെ ദുർദേവതേ നീയെന്നെകൊണ്ടുപോകും...
തണുത്തു വിറയാർന്നൊരായിരം ശവശില്പങ്ങളൊഴുകിയെത്തീടുന്ന ദുരാത്മാക്കൾ ചോരച്ചെണ്ട കൊട്ടുന്ന
ലാവപോലുരുകിയൊലിക്കുന്ന ചോര കുടിച്ചാകെ ചുവന്ന മഹാ സാഗരത്തിൽ മുങ്ങി നിവർന്നീറനോടെത്രയോ ചിതകൾക്ക് കോൽത്തിരികൊളത്തുന്നൊരെണ്ണമറ്റ ദൂതരാം ഭയങ്കുര സത്വങ്ങൾ മത്തടിച്ചു വാഴുന്ന
രക്തരക്ഷസ്സിൻ കനലാട്ടക്കളത്തിലേക്ക്
ആപത് മേഘങ്ങൾ ചിറകടിച്ചാർക്കുന്ന, നിന്റെ കറുത്ത ലോകത്തേക്ക്...
കെ വി അശ്വിൻ കറേക്കാട്