മൂന്ന് ആഴ്ചയുടെ ഇടവേളക്കുശേഷം മാവൂരിൽ താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും വെള്ളം കയറി. ചാലിയാറും ചെറുപുഴയും ഇരുവഴിഞ്ഞിയും കരകവിഞ്ഞൊഴുകിയതോടെ പുഴയിൽനിന്ന് വയലുകളിലേക്കും മറ്റ് താഴ്ന്ന ഭാഗങ്ങളിലേക്കും ജലം കുതിച്ചൊഴുകുകയാണ്.
വെള്ളിയാഴ്ച രാവിലെയോടെയാണ് ജലനിരപ്പ് ക്രമാതീതമായി ഉയർന്നുതുടങ്ങിയത്. 14ാം വാർഡ് കച്ചേരിക്കുന്നിൽ വീടുകളിൽ വെള്ളം കയറി. കച്ചേരിക്കുന്ന് അബ്ദുൽ ലത്തീഫ്, പുലിയപ്രം സത്യൻ, എന്നിവരുടെ വീട്ടിൽ വെള്ളം കയറി. പുലിയപ്രം ശ്രീധരൻ, ഉനൈസ്, ശ്രീവള്ളി, സജീവൻ എന്നിവരുടെ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മാവൂർ പൈപ്പ് ലൈൻ, സങ്കേതം റോഡ്, തെങ്ങിലക്കടവ്-ആയംകുളം, പൈപ്പ് ലൈൻ-കച്ചേരിക്കുന്ന് റോഡുകളിൽ വെള്ളം കയറി. രാത്രിയിലും ജലനിരപ്പ് ഉയരുന്നത് ആശങ്ക വർധിപ്പിക്കുന്നു. ജൂലൈ 14 മുതൽ 17 വരെ സമാന രീതിയിൽ ജലനിരപ്പ് ഉയർന്നിരുന്നു. അന്ന് കച്ചേരിക്കുന്നിൽ ആറ് വീടുകൾ ഒഴിഞ്ഞിരുന്നു. വ്യാപകമായി കൃഷിയും നശിച്ചിരുന്നു. ഇതിന്റെ കെടുതികൾ മാറുന്നതിനുമുമ്പാണ് വീണ്ടും വെള്ളപ്പൊക്കം.