ഡയമണ്ട് ഫുട്ബാൾ: പെരിങ്ങളം ജേതാക്കൾ
മാവൂർ:
ഡയമണ്ട് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ഫൈവ്സ് ഫുട്ബാൾ ടൂർണമെന്റിൽ കൊമ്പൻസ് പെരിങ്ങളം ജേതാക്കളായി. ഫൈനലിൽ പാം ജിദ്ദ സ്പോൺസർ ചെയ് ഡയമണ്ട് മാവൂരിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചാണ് പെരിങ്ങളം ജേതാക്കളായത്. 16 ടീമുകൾ പങ്കെടുത്ത മത്സരം പാറമ്മൽ എസ്.എഫ്.ഡി ഗ്രൗണ്ടിലാണ് നടന്നത്. സമാപനസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത് ഉദ്ഘാടനം ചെയ്തു. സന്തോഷ് ട്രോഫി താരം നൗഫൽ മുഖ്യാതിഥിയായി. ജേതാക്കൾക്ക് ജവഹർ മാവൂർ മുൻ പ്രസിഡന്റ് കെ.ടി. അഹമദ്കുട്ടി ട്രോഫി നൽകി. എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയികളെ ചടങ്ങിൽ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് മെംബർമാരായ ഗീതാമാണി, എം.പി. അബ്ദുൽ കരീം, കെ. ഉണ്ണികൃഷ്ണൻ, മുൻ വൈസ് പ്രസിഡന്റ് വളപ്പിൽ റസാഖ്, പാം ജിദ്ദ പ്രതിനിധി ശിഹാബ് പാട്ടാപ്പിൽ എന്നിവർ സംസാരിച്ചു. പാംജിദ്ദ സ്പോൺസർ ചെയ്ത ജഴ്സി മുഖ്യാതിഥി നൗഫൽ പ്രകാശനം ചെയ്തു. ഡയമണ്ട് പ്രസിഡന്റ് വ്യാസ് പി.റാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ക്യാപ്റ്റൻ അബ്ദുൽ അസീസ് സ്വാഗതവും ലിബാസ് നന്ദിയും പറഞ്ഞു.