കൂട്ടുകാർക്കൊരു കരുതലിന്റെ കരവുമായി എസ്.പി.സി സൈക്കിൾ ക്ലിനിക് പദ്ധതിക്ക് തുടക്കം കുറിച്ചു
പെരുമണ്ണ :
ഇ.എം.എസ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പെരുമണ്ണ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് നടപ്പിലാക്കുന്ന സൈക്കിൾ ക്ലിനിക് പദ്ധതിയിലേക്കുള്ള സൈക്കിൾ സമാഹരണ വാഹനം പന്തീരാങ്കാവ് സബ് ഇൻസെപ്ക്ടർ ധനഞ്ജയദാസ് ടി.വി ഫ്ലാഗ് ഓഫ് ചെയ്തു. വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന, നന്നാക്കിയെടുക്കാൻ പറ്റുന്ന പഴയ സൈക്കിളുകൾ ശേഖരിച്ച് കേടുപാടുകൾ തീർത്ത് അർഹരായ കുട്ടികൾക്ക് നൽകുന്ന പദ്ധതിയാണ് സൈക്കിൾ ക്ലിനിക്. കുട്ടികളിൽ സഹജീവി സ്നേഹം വളർത്തിയെടുക്കുന്നതോടൊപ്പം ആരോഗ്യ സംരക്ഷണം, പരിസ്ഥിതി, ഊർജ്ജ സംരക്ഷണം, നൈപുണി വികസനം, പുനരുപയോഗ ശീലം വളർത്തൽ തുടങ്ങിയവ ഈ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. ജനങ്ങൾ ആവേശപൂർവം ഏറ്റെടുത്ത ഈ പദ്ധതിയിലേക്ക് ധാരാളം സൈക്കിളുകൾ ലഭിച്ചു. പി.ടി.എ പ്രസിഡണ്ട് രാമകൃഷ്ണൻ മല്ലിശ്ശേരി,ഇ.കെ സുബ്രഹ്മണ്യൻ, എ.സജീവ്, രാജേഷ്. ആർ, പ്രബിലേഷ് കെ.കെ , ശറഫുദ്ദീൻ .കെ, കാഡറ്റുകളായ സഹദ്. കെ.പി, ഹരിനന്ദ്.ടി.പി, ദിജിൻ.എ എന്നിവർ പങ്കെടുത്തു .