പ്രേംനസീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
മലയാള ചലച്ചിത്ര സൗഹൃദവേദിയും, മലപ്പുറം മേൽമുറിയിലുള്ള പ്രിയദർശിനി ആർട്സ് &സയൻസ് കോളേജും സംയുക്തമായി ഏർപ്പെടുത്തിയ പ്രേംനസീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
ചലച്ചിത്ര ടെലിവിഷൻ നാടക നടൻ അപ്പുണ്ണി ശശി, നടന്മാരും ഗായകരും സംഗീതസംവിധായകരുമായ ബിജു ചാലക്കുടി, താജുദ്ദീൻ വടകര, ബാബുരാജ് മെമ്മോറിയൽ മ്യൂസിക് അക്കാദമി പ്രിൻസിപ്പാൾ ഡോക്ടർ കെ.എക്സ്.ട്രീസ ടീച്ചർ (മികച്ച നോവൽ: സീതാപഥം), ഡോക്ടർ ഒ.എസ്.രാജേന്ദ്രൻ (കഥാസമാഹാരം: പാത്തുമ്മേടെ ചിരി), ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ചീഫ് റിപ്പോർട്ടർ പ്രശാന്ത് നിലമ്പൂർ, മാതൃഭൂമി ന്യൂസ് മലപ്പുറം സീനിയർ ചീഫ് റിപ്പോർട്ടർ എം.ജയപ്രകാശ്, മനോരമ ന്യൂസ് മലപ്പുറം ക്യാമറമാൻ എൻ.മുഹമ്മദ് ഷമീം എന്നിവർ വിവിധ മേഖലകളിലെ പ്രേംനസീർ പുരസ്കാരങ്ങൾക്ക് അർഹരായി.
ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ സമദ് മങ്കട ചെയർമാനായ ജൂറിയാണ് പുരസ്കാരജേതാക്കളെ തിരഞ്ഞെടുത്തത്. 10001രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരങ്ങൾ സെപ്റ്റംബർ 1 വ്യാഴാഴ്ച മലപ്പുറം മേൽമുറിയിലുള്ള പ്രിയദർശിനി കോളേജിൽ, ഡോക്ടർ എം.പി.അബ്ദുസ്സമദ് സമദാനി എം.പിയും മുൻമന്ത്രി എ.പി.അനിൽകുമാർ എം.എൽ.എയും സമ്മാനിക്കുമെന്ന് ജൂറി ചെയർമാൻ സമദ് മങ്കട, പ്രിയദർശിനി കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ എം.ശാന്തകുമാർ, പ്രോഗ്രാം ഡയറക്ടർ റഹിം പൂവാട്ടുപറമ്പ്, കോർഡിനേറ്റർ ഷാജി കട്ടുപ്പാറ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.