കൂളിമാട്
പാലത്തിലെ തകർന്ന ബീമുകൾ നീക്കാൻ തുടങ്ങി
മാവൂർ:
നിർമാണത്തിനിടയിൽ തകർന്നു വീണ കുളിമാട് പാലത്തിന്റെ മൂന്നു ബീമുകൾ നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചു. കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിൻറെ
മലപ്പുറം ജില്ലയിലെ വാഴക്കാട് മപ്രം' ഭാഗത്ത് കരയോടു ചേർന്നു നിർമിക്കുന്ന ബീമുകളാണ് മേയ് 16ന് തകർന്നത്.
ഭാഗികമായി തകർന്ന രണ്ട് ബീമുകളുടെ അടിയിൽ എൻഗേ ഡറുകൾ സ്ഥാപിച്ച് താങ്ങി നിർത്തുന്ന പ്രവൃത്തി തുടങ്ങി. 35 മീറ്റർ നീളവും 90 ടൺ ഭാരവുമുള്ള ബീമുകൾ ചെറിയ ഭാഗങ്ങളാക്കി മുറിച്ചുനീക്കാനാണ് ശ്രമിക്കുന്നത്. ഇപ്പോൾ പുഴയിൽ വീണു കിടക്കുന്ന ബിം കട്ടർ ഉപയോഗിച്ച് കഷ്ണങ്ങളാക്കി മുറിച്ചതിനു ശേഷം ക്രെയിൻ ഉപയോഗിച്ച് എടുത്തുമാറ്റുന്ന ജോലിയാണ് നടക്കുന്നത്.
മുറിച്ചെടുക്കുന്ന ചെറിയ ഭാഗങ്ങൾ പിന്നീട് പൊടിച്ച് കളയും. ഇതിനായി പ്രത്യേക ക്രെയിനുകളും കട്ടിങ് യന്ത്രങ്ങളും ഉപയോഗിച്ചാണ് പ്രവർത്തി നടക്കുന്നത്.
കെ.ആർഎഫ്.ബിയുടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.ബി.ബൈജുവിന്റെ നേതൃത്വത്തിലാണ് പ്രവർത്തി നടക്കുന്നത്. മെയ് 16
തിങ്കളാഴ്ച്ച രാവിലെ ഒൻപതര മണിയോടെയാണ് പാലത്തിന്റെ കോൺക്രീറ്റ് ബീമുകൾ
തകർന്നത്.
പാലത്തിന്റെ മലപ്പുറം ഭാഗത്ത് കരയോട് ചേരുന്ന ഭാഗത്തെ 35 മീറ്റർ നീളമുള്ള മൂന്ന് ബീമുകൾ തൂണിൽ ഇരുത്തുന്നതിനായി കോൺക്രീറ്റ് സമയത്ത് സ്ഥാപിച്ച മര കട്ടകൾ ഒഴിവാക്കാൻ ഹൈഡ്രോളിക്ക് ജാക്കി ഉപയോഗിച്ച് ഉയർത്തുന്നതിനിടയിലാണ് ബീമുകൾ തകർന്നത്. ഇതിൽ ഒരു ബീമ് പുഴയിലേക്ക് പതിക്കുകയും ചെയ്തു. പാലം തകർന്നതുമായി ബന്ധപ്പെട്ട്
പൊതുമരാമത്ത് വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി
കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്നതിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് മന്ത്രി മുഹമ്മദ് റിയാസ് നിർദ്ദേശം നൽകിയിരുന്നു. വേണ്ടത്ര മുൻകരുതൽ സ്വീകരിച്ചില്ലെന്ന് കാണിച്ചാണ് നടപടി സ്വീകരിച്ചത്. കരാർ കമ്പനിയുടെ ഭാഗത്ത് നിന്ന് വീഴ്ച്ച സംഭവിച്ചതിനാൽ നിർമ്മാണ പ്രവൃത്തി നടത്തിയ കരാർ കമ്പനിയായ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് ഇത്തരത്തിലുള്ള അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ ശക്തമായ താക്കീത് നൽകാനും
മന്ത്രി ആവശ്യപെട്ടിരുന്നു. ഇവരുടെ എല്ലാ നിർമ്മാണ പ്രവൃത്തികൾക്കും ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.
ചെയിൻ ബ്ലോക്ക് ബലമില്ലാത്തതാണ് ബീം താഴെ വീഴാൻ കാരണം. ഇങ്ങിനെ സംഭവിക്കാതിരിക്കുവാനാവശ്യമായ സുരക്ഷ ഒരുക്കുന്നതിൽ കരാർ കമ്പനിക്ക് വീഴ്ച്ച സംഭവിച്ചതിനാലാണ് പാലം തകരാൻ കാരണം. ഇതുകൊണ്ടാണ് കരാർ കമ്പനിക്ക് താക്കീത് നൽകാൻ കാരണം.
എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും അസിസ്റ്റന്റ് എഞ്ചിനീയർക്കുമെതിരെയാണ് നടപടിക്ക് ശുപാർശ ചെയതത്.
മെയ് 16 നായിരുന്നു കുളിമാട് പാലത്തിന്റെ ബീമുകൾ ഹൈഡ്രോളിക്ക് ജാക്കി ഉപയോഗിച്ച് തൂണുകളിൽ ഉറപ്പിക്കുമ്പോൾ ചരിഞ്ഞ് പുഴയിലേക്ക് വീണത്. കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്
ആകെ 307 മീറ്റർ നീളവും 13 തൂണുകളും 12 സ്പാനുകളുമാണ്.
ഇരുഭാഗത്തും 1.5 മീറ്റർ ഫുട്പാത്തും 7.5 മീറ്റർ റോഡും ഉൾപ്പെടെ ആകെ 11 മീറ്ററാണ് പാലത്തിന്റെ വീതി.
2016 - 17 ലെ വാർഷിക ബജറ്റിൽ കിഫ് ബി യുടെ 25 കോടി രൂപ വകയിരുത്തി 2019 മാർച്ച് ഒമ്പതിനായിരുന്നു മന്ത്രി ടി. പി. രാമകൃഷ്ണൻ നിർമ്മാണോദ്ഘാടനം നടത്തിയത്.
കൂളിമാട് പാലത്തിന്റെ പ്രവൃത്തി ഉടനെ ആരംഭിച്ചിരുന്നെങ്കിലും 2019 ലെ പ്രളയത്തിൽ പുഴയിലെ തൂണുകൾക്കായി നിർമിച്ച ഐലൻഡുകൾ ഒലിച്ചുപോയിരുന്നു.
പിന്നീട്, സർക്കാർ നിർദേശപ്രകാരം പുതുക്കിയ ഡിസൈനിലാണ് നിർമാണം ആരംഭിച്ചത്.