2021-22 അധ്യയന വർഷത്തിൽ SSLC, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടി സ്കൂളിൻ്റെ അഭിമാനമായി മാറിയ വിദ്യാർത്ഥികളേയും അതോടൊപ്പം സംസ്ഥാന -ദേശീയ തലത്തിൽ സ്വർണ്ണ മെഡൽ നേടിയ കായിക പ്രതിഭകളേയും ജി.എച്ച്.എസ്.എസ് വാഴക്കാടിൽ ആദരിച്ചു.
പി.ടി.എ പ്രസിഡണ്ട് മോട്ടമ്മൽ മുജീബ് മാസ്റ്റർ അധ്യക്ഷനായ ചടങ്ങ് കൊണ്ടോട്ടി എം.എൽ.എ ടി.വി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ മുരളീധരൻ മാസ്റ്റർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സുഭദ്ര ശിവദാസൻ, വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ട് ഇൻചാർജ് റഫീക്ക് അഫ്സൽ, വാർഡ് മെമ്പർ ഷമീന സലീം, പി.ടി.എ വൈസ് പ്രസിഡണ്ട് ടി.പി അഷ്റഫ്, എസ്.എം.സി ചെയർമാൻ കെ.വി നിസാർ, മലയിൽ അബ്ദുൾ റഹിമാൻ മാസ്റ്റർ എന്നിവർ ചടങ്ങിന് ആശംസകൾ രേഖപ്പെടുത്തി.പ്രസ്തുത ചടങ്ങിൽ വെച്ച് കാൻസർ രോഗികൾക്ക് മുടി മുറിച്ച് നൽകിയ വിദ്യാർത്ഥികൾ, സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും യുവ സംരഭകനുമായ സഫ് വാൻ, അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ യൂസഫ് മാസ്റ്റർ എന്നിവരേയും സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ ആദരിക്കുകയുണ്ടായി. അതോടൊപ്പം സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ജെ.സി.ഐ പ്രശസ്ത ട്രെയിനർ നവാസ് കൂരിയാട് നടത്തിയ മോട്ടി വേഷണൽ ക്ലാസും ഏറെ ശ്രദ്ധേയമായി. സ്കൂൾ പ്രിൻസിപ്പാൾ ഉദയൻ മാസ്റ്റർ സ്വാഗതവും എസ്.ആർ.ജി കൺവീനർ മുനീർ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.വിജയൻ പി.എം, ശ്രീജ ടീച്ചർ, ഷബീർ എം.ഐ, ഷാഹിദ് കെ.കെ, അജയകുമാർ, ഷമീർ അഹമ്മദ്, ഗീത പി.സി, അനില കുമാരി, അൻസമ്മ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി