വിജ്ഞാനത്തിന്റെയും അന്വേഷണത്തിന്റെയും അനന്ത സാധ്യതകള്‍ തുറന്നിട്ട് വാഴക്കാട് ജി.എച്ച് .എസ് എസിൽ മെഗാ ശാസ്ത്രോൽസവം 'സമന്വയം 2022' സംഘടിപ്പിച്ചു
സ്കൂൾ തലത്തിൽ ശാസ്ത്ര- ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര- പ്രവൃത്തി പരിചയ - ഭാഷാ- ഐ. ടി വിഷയങ്ങളെ സമന്വയിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച മെഗാ ശാസ്ത്രോൽസവം 'സമന്വയം 2022' പ്രഗത്ഭ ഗണിത ശാസ്ത്ര അധ്യാപകൻ, മുൻ പാഠപുസ്തക നിർമാണ കമ്മറ്റിയംഗം, മുൻ എസ്.ആർ.ജി കോർഡിനേറ്റർ എന്നീ രംഗങ്ങളിൽ ശ്രദ്ധേയനായ ടി.പി പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് മുജീബ് മാസ്റ്റർ മോട്ടുമ്മൽ ചടങ്ങിൽ അധ്യക്ഷനായിരുന്നു. സ്കൂൾ ശാസ്ത്ര മാഗസിൻ 'നോവ 2022' ചടങ്ങിൽ ഗ്രന്ഥകാരനും റിട്ടയഡ് പ്രിൻസിപ്പാളുമായ പി.അബ്ദു റൗഫ് മാസ്റ്റർ പ്രകാശനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.അബ്ദുൾ നാസർ ചടങ്ങിൽ മുഖ്യ പ്രഭാഷണവും വാർഡ് മെമ്പർ ഷമീന സലീം ,പി.ടി.എ വൈസ് പ്രസിഡണ്ട് ടി.പി അഷ്റഫ്, എസ്.എം.സി ചെയർമാൻ നിസാർ.കെ.വി, എസ്.ആർ.ജി കൺവീനർ, അബ്ദുൾ മുനീർ.സി.പി അബ്ദുൾ മജീദ് കൂളിമാട്, ഹൈസ്ക്കൂൾ സ്റ്റാഫ് സെക്രട്ടറി ഷബീർ മാസ്റ്റർ, ഹയർ സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി ബഷീർ മാസ്റ്റർ എന്നിവർ ചടങ്ങിൽ ആശംസകളറിയിക്കുകയും ചെയ്തു.ചടങ്ങിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ മുരളീധരൻ പി സ്വാഗതവും ശാസ്ത്രോൽസവ കൺവീനർ സിസി ജോസഫ് നന്ദിയും രേഖപ്പെടുത്തി.
ശാസ്ത്ര കൗതുകങ്ങളുടേയും കണ്ടുപിടുത്തങ്ങളുടേയും കരകൗശലങ്ങളുടേയും സർഗാത്മക കാഴ്ചകളുടേയും പ്രദർശന വേദിയായി മാറിയ സ്കൂൾ തല ശാസ്ത്രോൽസവത്തിൽ കുട്ടികൾ അത്യുൽസാഹത്തിലാണ് പങ്കെടുത്തത്.പാഠപുസ്തകങ്ങളിലെ നൂറ് ലഘു പരീക്ഷണങ്ങൾ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചത് കുട്ടികൾക്ക് പുതിയ അനുഭവമായി മാറി. ഇന്ത്യൻ മിലിറ്ററിയുടെ റൈഫിളക്കമുള്ള വിവിധ ഉപകരണങ്ങൾ പ്രദർശിപ്പിച്ചു കൊണ്ടുള്ള സ്കൂൾ NCC യുടെ നേതൃത്വത്തിൽ നടത്തപ്പെട്ട പ്രത്യേക പ്രദർശനം,സ്കൂൾ കായിക വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സ്കൂളിന് ദേശീയ തലത്തിലടക്കം ബഹുമതി നേടിക്കൊടുത്ത വുഷു, റസ് ലിംഗ് എന്നിവയുടെ പ്രദർശന മത്സരങ്ങൾ, എസ്.പി.സിയുടെ ഉപകരണങ്ങൾക്കൊപ്പം പ്രാധാന്യവും വിളിച്ചോതുന്ന സ്റ്റാൾ, കുട്ടി ശാസ്ത്രജ്ഞർ ATL ലാബിൽ തയ്യാറാക്കിയ ഉപകരണങ്ങൾ, ഭക്ഷ്യമേളകൾ, ലൈവ് മൺപാത്ര നിർമാണം എന്നിവയും ഏറെ ശ്രദ്ധേയമായി. സമീപ പ്രദേങ്ങളിൽ നിന്നുള്ള സ്കൂളുകളുടെ പങ്കാളിത്തം മേളയുടെ മാറ്റ് വർദിപ്പിക്കുകയും ചെയ്തു