കോഴിക്കോട്: സർക്കാർ റീട്ടയിൽ റേഷൻ വ്യാപാരികളോട് കാണിക്കുന്ന കടുത്ത അവഗണനയിൽ പ്രതിഷേധിച്ചു കൊണ്ട് ഓൾ കേരള റീട്ടയിൽ റേഷൻ ഡീലേർസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുമ്പിലും, കോഴിക്കോട്, തിരുവനന്തപുരം എന്നീ കലക്ടറേറ്റുകൾക്ക് മുമ്പിലും റേഷൻ വ്യാപാരികൾ കൂട്ട ധർണ്ണ നടത്തി. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക; ഓഗസ്റ്റ് മാസത്തെ കമ്മീഷൻ ലഭ്യമാക്കുക; സൗജന്യ കിറ്റ് നൽകിയതിൻ്റെ കമ്മീഷൻ അനുവദിക്കുക; ഓണത്തിന് തരാമെന്ന് പറഞ്ഞ ആയിരം രൂപ അലവൻസ് ലഭ്യമാക്കുക; മണ്ണെണ്ണ വാതിൽപ്പടി വിതരണം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. ഇന്നലെ നടത്തിയത് സൂചനാ സമരം ആണെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ നവംബർ മുതൽ കട അടച്ച് അനിശ്ചിത കാല സമരം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. കോഴിക്കോട്ട് അസോസിയേഷൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഓണക്കാലത്ത് ഇത്രയേറെ അവഗണന റേഷൻ വ്യാപാരികളോട് കാണിച്ചത് മേലിൽ തുടരരുതെന്നും റേഷൻ വ്യാപാരികൾ ഉന്നയിച്ച അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങൾക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി ഇടപെടണമെന്നും ടി.മുഹമ്മദലി ആവശ്യപ്പെട്ടു. ഇ.ശ്രീജൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.അഷ്റഫ്; വി.കെ.മുകുന്ദൻ, എം.എ.നസീർ, ഇല്ലക്കണ്ടി ബഷീർ, പി.കെ.സതീശൻ സംസാരിച്ചു.എം.പി.സുനിൽ കുമാർ സ്വാഗതവും ടി.എം. അശോകൻ നന്ദിയും പറഞ്ഞു. പ്രകടനത്തിന് പി.എ.റഷീദ്, പി.ബിജു, എം.മധുസൂദനൻ ,പി.ജയപ്രകാശ്, ഐ.വി.അർഷ രാജ് നേതൃത്വം നൽകി.